
അഹമ്മദാബാദ്: 'ലോകത്തിലെ ഏറ്റവും വലിയ മൃഗശാല" എന്ന വിശേഷണത്തോടെ ഗുജറാത്തിലെ ജാംനഗറിൽ മൃഗശാല സ്ഥാപിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ). ‘ഗ്രീൻസ് സുവോളജിക്കൽ, റസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ കിംഗ്ഡം’ എന്നാണ് പദ്ധതിയുടെ പേര്.
ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണ് മൃഗശാലയുടെ അമരക്കാരൻ. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണ് മൃഗശാല സ്ഥാപിക്കുന്നതെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയാണ് മോട്ടി ഖാവിയിലേത്. കൊവിഡ് കാരണമാണ് പദ്ധതി നീണ്ടതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞു.
'മൃഗശാല സ്ഥാപിക്കാനാവശ്യമായ എല്ലാരേഖകളും കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നു ലഭിച്ചതായി ആർ.ഐ.എൽ ഡയറക്ടർ (കോർപറേറ്റ് അഫയേഴ്സ്) പരിമൾ നത്‍വാനി പറഞ്ഞു. ഫോറസ്റ്റ് ഇന്ത്യ, ഫ്രോഗ് ഹൗസ്, ഇൻസെക്ട് ലൈഫ്, ഡ്രാഗൺസ് ലാൻഡ്, എക്സോട്ടിക് ഐലൻഡ്, അക്വാട്ടിക് കിംഗ്ഡം തുടങ്ങിയ വിഭാഗങ്ങൾ മൃഗശാലയിലുണ്ടാകും.
സ്വകാര്യ മേഖലയിൽ മൃഗശാല എന്നത് ഇന്ത്യയിൽ പുതിയതല്ലെന്നും കൊൽക്കത്തയിലെ സുവോളജിക്കൽ ഗാർഡൻ നേരത്തെയുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം അഡിഷനൽ ഡയറക്ടർ–ജനറൽ സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.
'റിലയൻസിന് വന്യജീവി സംരക്ഷണത്തിൽ താത്പര്യവും അഭിനിവേശവുമുണ്ടെന്നതുനേരത്തെ അറിയാം. വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയായി ഈ മൃഗശാല മാറുമെന്നാണു കരുതുന്നതെന്നും' സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.