ayodhya-masjid

ലക്‌നൗ: അത്യാധുനിക ബഹുനില മന്ദിരങ്ങൾ. വൃത്താകാരത്തിൽ പള്ളി. 2000 പേർക്ക് നിസ്കരിക്കാം. ഒപ്പം 300 കിടക്കകളുള്ള മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, ദിവസവും രണ്ടുനേരം സൗജന്യ ഭക്ഷണം വിളമ്പുന്ന സമൂഹ അടുക്കള. ഹിന്ദു- മുസ്ലിം സംസ്‌കൃതി ഓർമ്മപ്പെടുത്തുന്ന മ്യൂസിയം. ഇന്ത്യയിലെ ഇസ്ലാമിക സംസ്‌കാരവും സാഹിത്യവും സംബന്ധിച്ച പഠനത്തിന് ഗവേഷണ സൗകര്യമുള്ള ലൈബ്രറി. ഇത്തരത്തിൽ പ്രത്യേകതകൾ ഏറെയുണ്ട് അയോദ്ധ്യയിൽ നിർമ്മിക്കുന്ന മുസ്ളിം പള്ളിക്ക്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന പള്ളി സമുച്ചയത്തിന്റെ രൂപരേഖ ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.ഐ.സി.എഫ്) പുറത്തിറക്കി. ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലാണ് സമുച്ചയം ഉയരുക. പരമ്പരാഗത ശൈലിയിൽ നിന്ന് ഭിന്നമായി ലോകോത്തര നിലവാരത്തിൽ ആധുനിക രീതിയിലാണ് മസ്ജിദ് രൂപകല്പന ചെയ്തിരിക്കുന്നത്.

യു.പി കേന്ദ്ര സുന്നി വഖഫ് ബോർഡ് രൂപവത്കരിച്ച ഐ.ഐ.സി.എഫിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. ജാമിയ മിലിയ സ്‌കൂൾ ഓഫ് ആർകിടെക്ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ തയാറാക്കിയത്. 2021ലെ റിപ്പബ്ലിക് ദിനത്തിൽ നിർമ്മാണം തുടങ്ങാനാണ് ആലോചനയെന്ന് ഐ.ഐ.സി.എഫ് സെക്രട്ടറി അത്താർ ഹുസൈൻ പറഞ്ഞു.

 പള്ളിയുടെ വിസ്തൃതി 1700 ചതുരശ്ര മീറ്റർ

 കാലോചിത രീതിയിലുള്ള രണ്ട് മിനാരങ്ങൾ, സ്ഫടിക താഴികക്കുടം.

 പൂർണമായും സൗരോർജം ഉപയോഗിക്കുന്നതിനാൽ 'സീറോ എനർജി'

 മസ്ജിദിന് ചുറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മരങ്ങൾ വച്ചു പിടിപ്പിക്കും.

രാജാവിന്റെ പേരല്ല

ആദ്യഘട്ടത്തിൽ മസ്ജിദ് മാത്രമാണ് നിർമിക്കുന്നത്. ആശുപത്രിയും മറ്റും രണ്ടാംഘട്ടത്തിലാണ്. മസ്ജിദിന് തകർക്കപ്പെട്ട ബാബ്‌റി മസ്ജിദിനേക്കാൾ വലിപ്പമുണ്ടാകുമെങ്കിലും രൂപത്തിൽ സാമ്യത ഉണ്ടാകില്ല. മസ്ജിദിന്റെ പേര് തീരുമാനിച്ചില്ല. പക്ഷേ, രാജാവിന്റെയോ ചക്രവർത്തിയുടെയോ പേരാവില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.