
വാഷിംഗ്ടൺ: കൊവിഡ് മഹാമാരി പടരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചൈനയോട് അന്താരാഷ്ട്ര സമൂഹം വിശദീകരണം ആവശ്യപ്പെടണമെന്ന് അമേരിക്ക. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന ചൈനയിപ്പോൾ സംശയകരമായ വാക്സിനുകളുടെ വിൽപനക്കിറങ്ങിയിരിക്കുകയാണെന്നും യു.എസ് അഭ്യന്തര സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. രോഗത്തെക്കുറിച്ച് പുറത്തറിഞ്ഞ് വർഷം ഒന്ന് കഴിയുമ്പോഴും ചൈനീസ് ഭരണകൂടം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. വാക്സിനുകളുടെ സുരക്ഷ, ഫലം, മരുന്നു പരീക്ഷണ വിവരങ്ങൾ എന്നിവയെല്ലാം ചൈന മറച്ചുപിടിക്കുകയാണ്. ഇത് ചൈനീസ് ജനതയെയും മുഴുലോകത്തെയും അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദശലക്ഷത്തിലേറെപ്പേരുടെ ജീവനെടുക്കുകയും കോടിക്കണക്കിനാളുകളുടെ ജീവിതം തകർക്കുകയും ചെയ്ത കൊവിഡിന്റെ നിജസ്ഥിതിയെക്കുറിച്ച് ആവശ്യപ്പെടാത്തപക്ഷം ഭാവിയിൽ ഇത്തരത്തിൽ കൂടുതൽ ഭീതികരമായ പകർച്ചവ്യാധികൾ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെടാനിടയുണ്ട്. വൈറസ് വ്യാപനത്തെക്കുറിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ടുവന്ന ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും മാദ്ധ്യമ പ്രവർത്തകരെയും തടവിലിടുകയും ശിക്ഷിക്കുകയുമാണ് ചൈന. വാക്സിൻ വികസിപ്പിച്ചെടുക്കാൻ യു.എസ്, ജർമനി, യു.കെ പോലുള്ള സ്വതന്ത്ര രാഷ്ട്രങ്ങൾ നടത്തിവരുന്ന പ്രയത്നങ്ങൾ ലോകത്തിന് പ്രതീക്ഷ പകരുന്നുണ്ടെന്നും പോംപിയോ കൂട്ടിച്ചേർത്തു.