
ന്യൂഡല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ കാര്‍ഷിക ഏജന്റുമാരെ ഇന്‍കം ടാക്‌സ് വകുപ്പിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയാണ് കെജ്‌രിവാളിന്റെ പ്രതിഷേധം. നിങ്ങള്‍ എത്രപേരെ റെയ്ഡ് ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പഞ്ചാബില്‍ കാര്‍ഷിക രംഗത്ത് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകൾക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിച്ചത്. പലരുടെയും ഓഫീസുകളും വീടുകളും റെയ്ഡ് ചെയ്യുകയും ചെയ്തു. കാര്‍ഷിക സമരം അടിച്ചമര്‍ത്താനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്നാണ് ആരോപണം.
'കര്‍ഷകരുടെ സഹനസമരത്തെ പിന്തുണയ്ക്കുന്ന പഞ്ചാബിലെ ബിസിനസുകാര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡുകള്‍ അഴിച്ചു വിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തില്‍ അവരെ ഉപദ്രവിക്കുന്നത് ശരിയായ നടപടിയല്ല.' കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ പത്രറിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 'കര്‍ഷകരുടെ സമരത്തെ ദുര്‍ബലമാക്കാനാണ് ഈ നീക്കം. ഇന്ന് രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. എത്ര പേരെ കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തും.' കെജ്‌രിവാൾ ചോദിച്ചു.
മുന്‍പ് കാര്‍ഷിക നിയമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെജ്രിവാള്‍ സമരവേദിയില്‍ എത്തിയിരുന്നു. കര്‍ഷരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാനായി ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കെജ്‌രിവാൾ തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 25-ാം ദിവസവും സമരം തുടരുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
ഇടനിലക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു നേര്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വ്യക്തമാക്കിയിരുന്നു. ആദായനികുതി വകുപ്പില്‍ നിന്ന് പതിനാലോളം ഏജന്റുമാര്‍ക്കാണ് നോട്ടീസ് ലഭിച്ചതെന്നും നോട്ടീസ് ലഭിച്ച് നാലു ദിവസത്തിനുള്ളില്‍ റെയ്ഡ് നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചത്. ഏതു നിലയ്ക്കും കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താനാണ് നീക്കമെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.