
അഡ്ലെയ്ഡ്: ഇന്ത്യ വമ്പൻ തോൽവി വഴങ്ങിയ ആസ്ട്രേലിയക്കെതിരായ ഡേനൈറ്റ് ടെസ്റ്റിൽ ബാറ്റിംഗിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിമിയുടെ വലത്തേ കൈമുട്ടിന് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ട്. പാറ്റ് കമ്മിൻസ് എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ 22-ാം ഓവറിലെ രണ്ടാം പന്തിലാണ് ഷമിക്ക് പരിക്കേറ്റത്. പിച്ചിൽക്കുത്തിയുയർന്ന പന്ത് ഷമിയുടെ കൈമുട്ടിൽക്കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഷമി ഗ്രൗണ്ടിൽ ചികിത്സ തേടിയ ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഷമി റിട്ടയർ ചെയ്തതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 36/9 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. ഷമിയ്ക്ക് നല്ലവേദനയുണ്ടെന്നും കൈ ഉയർത്താൻ കഴിയുന്നില്ലെന്നും മത്സരശേഷം ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി പറഞ്ഞിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ ഷമി കളിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്.