
പാരിസ്: ക്ലാസ് മുറിയിൽ പാവാട ധരിച്ച് വന്നതിന്റെ പേരിൽ സ്കൂൾ അധികൃതരുടെ ശകാരത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ട്രാൻസ്വുമൺ വിദ്യാർത്ഥിനിയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വടക്കൻ ഫ്രാൻസിൽ അണിനിരന്നത് നൂറുകണക്കിനു വിദ്യാർത്ഥികൾ. 17 കാരിയായ ഫോഡ് ചൊവ്വാഴ്ചയാണ് താമസിക്കുന്ന മുറിയിൽ ജീവനൊടുക്കിയത്. കുട്ടിയുടെ മുഴുവൻ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലില്ലിയിലെ ഫെനിലോൺ ഹൈസ്കൂളിലാണ് കഴിഞ്ഞദിവസം വിദ്യാർത്ഥികൾ ഒത്തുകൂടി സുഹൃത്തിനുവേണ്ടി മൗനപ്രാർത്ഥന നടത്തിയത്. തങ്ങളുടെ സഹപാഠിയുടെ മരണത്തിലുള്ള വേദനയും ധാർമ്മിക രോഷവും അവർ തുറന്നുപ്രകടിപ്പിക്കുകയും ചെയ്തു.
അടുത്ത കാലത്താണ് ഫോഡ് പെൺകുട്ടിയുടെ വേഷത്തിൽ പരസ്യമായി നടക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാവാടധരിച്ച് ക്ലാസിൽ എത്തിയതോടെ സ്കൂൾ അധികൃതർ ഫോഡിനെ വിളിച്ചു സംസാരിച്ചിരുന്നു. ഫോഡ് മരിക്കുന്നതിനുമുൻപ് പുറത്തുവിട്ട വിഡിയോയിൽ സ്കൂൾ അധികൃതരുമായുള്ള സംസാരത്തിന്റെ ദൃശ്യങ്ങളുണ്ട്. അധികൃതർ ഫോഡിനെ ആക്ഷേപിക്കുന്നതും അവൾ കരയുന്നതും വീഡിയോയിൽ കാണാം.
മരണശേഷവും ഫോഡിനെ പെൺകുട്ടി എന്നു വിശേഷിപ്പിക്കാൻ തയാറാകാതിരുന്ന സ്കൂൾ അധികൃതരുടെ നടപടിയിൽ വിദ്യാർത്ഥികൾ രോഷം പ്രകടിപ്പിച്ചു. അദ്ധ്യാപകരും ആൺകുട്ടി എന്ന മട്ടിലാണ് ഫോഡിനോട് പെരുമാറിയത്. അതേസമയം, ഫോഡിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ ഉയർത്തിയ പോസ്റ്ററുകൾ അധികൃതർ നീക്കം ചെയ്തിട്ടുമുണ്ട്.