
മുംബയ്: ആഗോളതലത്തിലെ തളർച്ചയ്ക്ക് പിടികൊടുക്കാതെ വിദേശ നിക്ഷേപകരുടെ ഇഷ്‌ടം വാങ്ങിക്കൂട്ടി ഇന്ത്യ. ഈമാസം ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിലേക്ക് ഒഴുകിയ വിദേശ പോർട്ട്ഫോളിയോ (എഫ്.പി.ഐ) നിക്ഷേപം 54,980 കോടി രൂപയാണ്.
ഒട്ടേറെ രാജ്യങ്ങളിലെ സർക്കാരുകളും കേന്ദ്രബാങ്കുകളും കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചതോടെ നിക്ഷേപകരുടെ പക്കൽ മികച്ച പണമുണ്ട്. ഇതാണ്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രതീക്ഷകർ വച്ചുപുലർത്തി അവർ ഒഴുക്കുന്നത്.
ഈമാസം ഇതുവരെ ലഭിച്ച മൊത്തം എഫ്.പി.ഐയിൽ 48,858 കോടി രൂപയും നേടിയത് ഓഹരി വിപണിയാണ്. കടപ്പത്ര വിപണിക്ക് 6,122 കോടി രൂപയും ലഭിച്ചു. നവംബറിൽ ഇന്ത്യൻ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപകർ 62,951 കോടി രൂപ ഒഴുക്കിയിരുന്നു. മികച്ച വാങ്ങൽ ട്രെൻഡുള്ളതിനാൽ ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായി റെക്കാഡ് തിരുത്തി മുന്നേറുകയാണ്.
കഴിഞ്ഞ അഞ്ചുദിവസം തുടർച്ചയായി നേട്ടം കുറിച്ച സെൻസെക്‌സ് ഇപ്പോഴുള്ളത് 46,960ലും നിഫ്‌റ്റി 13,760ലുമാണ്. രണ്ടും സർവകാല റെക്കാഡാണ്. കൊവിഡ് വാക്‌സിൻ സജ്ജമാകുന്ന വാർത്തകളാണ് ഇപ്പോൾ നിക്ഷേപകരെ ആവേശത്തിലാക്കുന്നത്. അമേരിക്കയിൽ കൂടുതൽ ഉത്തേജക പാക്കേജുകൾ സംബന്ധിച്ച ചർച്ചകളും സജീവമാണ്. ലാഭമെടുപ്പ് ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിലും ഓഹരിക്കുതിപ്പ് പ്രതീക്ഷിക്കാം.