
2020ല്‍ യൂട്യൂബില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായവരുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു. ഒമ്പത് വയസ് മാത്രം പ്രായമുള്ള റയാന്‍ ഖാജിയാണ് പത്ത് പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കയില്‍ നിന്നുള്ള റയാന്റെ 'റയാന്‍സ് ടോയ്‌സ് റിവ്യൂ' എന്ന യുട്യൂബ് ചാനല്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിരപരിചിതമാണ്. 29.5 മില്യണ്‍ ഡോളറാണ് യൂട്യൂബില്‍നിന്ന് റയാന്‍ ഈ വര്‍ഷം മാത്രം റയാന്‍ സമ്പാദിച്ചത്. അതായത് ഇന്ത്യന്‍ കറന്‍സി മൂല്യം ഏകദേശം 217.14 കോടി രൂപ.
'ഹൈയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2020' എന്ന പേരില്‍ ഫോര്‍ബ്‌സ് പുറത്തുവിട്ട പട്ടികപ്രകാരം ഈ വര്‍ഷം റയാന്റെ ചാനലിന് കിട്ടിയ വ്യൂസ് 1220 കോടിയാണ്. 4.17 കോടി സബ്‌സ്‌ക്രൈബേഴ്‌സും. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളെക്കുറിച്ചും മറ്റു കളിക്കോപ്പുകളെ കുറിച്ചുമുള്ള വിശേഷങ്ങളാണ് റയാന്‍ തന്റെ ചാനലിലൂടെ വിശദീകരിക്കാറുള്ളത്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും.
ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വീഡിയോകളില്‍ മിക്കപ്പോഴും റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും പ്രത്യക്ഷപ്പെടാറുണ്ട്. യൂട്യൂബില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന അണ്‍ബോക്‌സിംഗ് വിഡിയോകളുടെ കുട്ടിപ്പതിപ്പാണ് റയാന്‍. 2015ല്‍ റയാന്റെ മാതാപിതാക്കള്‍ ആരംഭിച്ച 'റയന്‍സ് വേള്‍ഡ്' എന്ന യൂട്യൂബ് ചാനല്‍ ആണ് പിന്നീട് 'റയാന്‍ ടോയ്സ് റിവ്യൂ' ആയി മാറ്റിയത്.
ഉപഭോക്തൃ അഭിഭാഷക സംഘടനയായ ട്രൂത്ത് ഇന്‍ അഡ്വര്‍ടൈസിംഗ് യു എസ് ഫെഡറല്‍ ട്രേഡ് കമ്മീഷൻ (എഫ്ടിസി) പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റയാന്റെ ചാനലിന്റെ പേര് മാറ്റിയത്. അന്ന് റയാന് നാല് വയസായിരുന്നു പ്രായം. റയാന്റെ നിരവധി വിഡിയോകള്‍ 100 കോടിയിലധികം വ്യൂകള്‍ നേടിയിട്ടുണ്ട്.
ചാനല്‍ ഉണ്ടാക്കിയതിനുശേഷം ഇതുവരെ 4300 കോടി വ്യൂകള്‍ റയാന്‍ ടോയ്സ് റിവ്യൂന് ലഭിച്ചതായി അനലിറ്റിക്‌സ് വെബ്സൈറ്റ് സോഷ്യല്‍ ബ്ലേഡ് ഡാറ്റ വ്യക്തമാക്കുന്നു. ജിമ്മി ഡൊണാള്‍ഡ്‌സണ്‍ന്റെ മിസ്റ്റര്‍ ബീസ്റ്റ് ചാനല്‍ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 24 മില്യണ്‍ ഡോളര്‍ (ഏകദേശം 176 കോടി രൂപ) ആണ് വരുമാനം. വരുമാനത്തിന്റെ കാര്യത്തില്‍ ഡ്യൂഡ് പെര്‍ഫെക്റ്റ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഡ്യൂഡ് പെര്‍ഫെക്റ്റിന്റെ 2020 ലെ വരുമാനം 23 മില്യണ്‍ ഡോളര്‍ (ഏകദേശം 169 കോടി രൂപ) ആണ്.