
ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് ബ്ലാസ്റ്രേഴ്സ്
ബംബോലിം: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ സമനിലയിൽ പിടിച്ചു. ജീക്സൺ സിംഗാണ് രണ്ടാം പകുതിയുടെ അധിക സമയത്ത് തൊണ്ണൂറ്റിയഞ്ചാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടിയത്. ഒന്നാം പകുതിയിൽ പതിമ്മൂന്നാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ബക്കരി കോനെയുടെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാൾ ലീഡ് നേടിയത്. ഒന്നാം പകുതിയിയിൽ നിറംമങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇഞ്ചുറി ടൈമിൽ സമനില പിടിച്ചു വാങ്ങിയത്. രണ്ട് ടീമിന്റേയും സീസണിലെ ആദ്യ ജയമെന്ന സ്വപ്നം ഇനിയും അകലെയാണ്. ബ്ലാസ്റ്റേഴ്സ് ഒമ്പതാമതും ഈസ്റ്റ് ബംഗാൾ പത്താമതുമാണ്.
പതിമ്മൂന്നാം മിനിട്ടിൽ ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് ഈസ്റ്റ് ബംഗാളിന്റെ ഗോളിന് വഴിവെച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളർത്തി മഗോമ നൽകിയ പാസ് മുഹമ്മദ് റഫീഖ് ബോക്സിലുണ്ടായിരുന്ന പിൽകിംടണ് മറിച്ചു. ഈ പന്ത് രക്ഷപ്പെടുത്താൻ ശ്രമിച്ച കോനെയുടെ കാലിൽ തട്ടി പന്ത് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ബ്ലാസ്റ്റേഴ്സ് ഒടുവിൽ അതിന്റെ പ്രതിഫലം നേടുകയായിരുന്നു.
കോർണർ ക്ലിയർ ചെയ്ത് സഹൽ നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ ജീക്സൺ സിംഗ് ഈസ്റ്റ് ബംഗളിന്റെ വലയ്ക്കകത്താക്കി.
മുംബയ് മുന്നിൽ
മഡ്ഗാവ്: ഐ.എസ്.എല്ലിൽ മുംബയുടെ മിന്നലാട്ടം തുടരുന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി അവർ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. വിഗ്നേഷ് കൃഷ്ണമൂർത്തിയും ആദം ലെ ഫോണ്ട്രേയും ആണ് മുംബയ്ക്കായി ലക്ഷ്യം കണ്ടത്. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഹൈദരാബാദിന്റെ മദ്ധ്യനിര ഇന്നലെ ക്ലിക്കായില്ല. ഫിനിഷിംഗിലെ പിഴവുകളും പ്ലേമേക്കർ അരിഡാനെ സന്റാനയ്ക്ക് തിളങ്ങാനാകാത്തതും ഹൈദരാബിദിന് തിരിച്ചടിയാവുകയായിരുന്നു. 38-ാം മിനിട്ടിൽ വിഗ്നേഷ് ദക്ഷിണാമൂർത്തിയുടെ തകർപ്പൻ വോളിയിലൂടെ മുംബയ് മുന്നിലെത്തി. 44-ാം മിനിട്ടിൽ ഹൈദരാബാദ് സമനിലയ്ക്കരികിലെത്തിയെങ്കിലും യാസിർ അവസരം നഷ്ടപ്പെടുത്തി. 59-ാം മിനിട്ടിൽ ഹൈദരാബാദിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ഫോണ്ട്രേ മുംബയ്യുടെ രണ്ടാംഗോൾ നേടിയത്.