
കൊച്ചി: ഒരു വണ്ടിക്ക് രണ്ട് എൻജിനുകൾ. ഒന്ന്, പെട്രോൾ. മറ്റൊന്ന് ഇലക്ട്രിക് മോട്ടോർ. വണ്ടി ഓടുമ്പോൾ ചിലപ്പോൾ പ്രവർത്തിക്കുന്നത് ഇലക്ട്രിക് മോട്ടോറായിരിക്കും. മറ്റു ചിലപ്പോൾ പെട്രോൾ എൻജിനും. ചിലപ്പോൾ അവ രണ്ടും ഒന്നിച്ചും പ്രവർത്തിക്കും!
ഇത്തരം കാറുകളെയാണ് ഹൈബ്രിഡ് മോഡലുകൾ എന്ന് വിളിക്കുന്നത്. വാഹനം ഓടുമ്പോൾ ഇന്ധനം ഏറ്റവുമധികം വേണ്ട സമയത്ത് ഇലക്ട്രിക് മോട്ടോർ പ്രവർത്തിപ്പിക്കാം; പ്രത്യേകിച്ച് വാഹനം സ്റ്റാർട്ട് ചെയ്ത് തുടങ്ങുന്ന വേളയിൽ. ഇത്, ഇന്ധനക്ഷമത കൂടാൻ സഹായിക്കും. ഇലക്ട്രിക് മോട്ടോർ ഉണ്ടെങ്കിൽ, പ്ളഗിൽ കുത്തി ചാർജ് ചെയ്യേണ്ടതല്ല. വാഹനം ഓടുമ്പോൾ, സ്വയം ചാർജ് ചെയ്യപ്പെടും.
എന്നാൽ, ഇപ്പോൾ വിപണിയിൽ പ്ളഗ്-ഇൻ ഹൈബ്രിഡ് മോഡലുകളും ലഭ്യമാണ്. കഴിഞ്ഞവാരം വിപണിയിലെത്തിയ ലാൻഡ് റോവർ ഡിഫൻഡറിന്റെ പുതിയ പതിപ്പ് ഉദാഹരണം. ഇലക്ട്രിക് കാറുകളെപ്പോലെ, പൂർണമായും പ്രകൃതിസൗഹൃദമല്ല ഹൈബ്രിഡ് കാറുകൾ. എങ്കിലും, ഇപ്പോഴും ഇവയ്ക്ക് പ്രിയമുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് ഏറുന്നുണ്ടെങ്കിലും ഹൈബ്രിഡ് കാറുകളും മികച്ച വില്പന നേടുന്നു. പ്രമുഖ ജാപ്പനീസ് ബ്രാൻഡായ ടൊയോട്ടയുടെ സെഡാൻ മോഡലായ പ്രിയസ് ആണ് ലോകത്തെ ആദ്യ ശ്രദ്ധേയ ഹൈബ്രിഡ് കാർ. 1997ൽ പിറന്ന പ്രിയസിന് ഇപ്പോഴും നല്ല കച്ചവടം നടക്കുന്നു.
കഴിഞ്ഞവർഷം അമേരിക്കയിൽ ഹൈബ്രിഡ് കാറുകളുടെ വില്പന വളർച്ച 17 ശതമാനമാണ്. യൂറോപ്പ്യൻ യൂണിയനിൽ വില്പന 22 ശതമാനവും ഉയർന്നു. ചൈനയിൽ, ജാപ്പനീസ് ഹൈബ്രിഡ് കാറുകളുടെ വില്പന 30 ശതമാനം ഉയർന്നു. ചൈനയിൽ ഏറ്റവുമധികം വളർച്ച നേടുന്ന വാഹന ശ്രേണിയിൽ ഒന്നാണ് ഹൈബ്രിഡുകൾ.
ഇലക്ട്രിക് കാറുകൾ മലിനീകരണം തീരെയില്ലാത്തതിനാൽ പൂർണമായും പ്രകൃതിസൗഹാർദ്ദമാണ്. പാതി ഇലക്ട്രിക്കായ ഹൈബ്രിഡ് കാറുകൾക്ക് എന്നിട്ടും പ്രിയമേറുന്നത്, അവയ്ക്ക് ഇലക്ട്രിക് കാറുകളേക്കാൾ വില കുറവായതിനാലാണ്. ടെസ്ല പോലെയുള്ള, വിലയേറിയ ഇ-വണ്ടികൾ വാങ്ങാൻ സാമ്പത്തികശേഷി ഇല്ലാത്തവർ ഹൈബ്രിഡിൽ അഭയം തേടുന്നു. സാധാരണ കാറുകളെ അപേക്ഷിച്ച് ഇന്ധനക്ഷമത ഉയർന്നതാണെന്നതും ഇവയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.
പുതിയ താരങ്ങൾ
ഫോഡിന്റെ 2021ലെ ആദ്യ മോഡലായി എഫ്-150 ട്രക്ക് വിപണിയിലെത്തും. 43 വർഷത്തെ പഴക്കമുള്ള എഫ്-സീരീസിൽ ഉൾപ്പെടുന്ന ഈ വണ്ടി, ലോകത്തെ ആദ്യ സമ്പൂർണ ഹൈബ്രിഡ് ട്രക്ക് ആയിരിക്കും.
ടൊയോട്ടയുടെ മികച്ച വില്പനയുടെ ക്രോസ് ഓവർ റാവ് 4 ആണ് 2021ൽ വിപണിയിലെത്തുന്ന മറ്റൊരു ശ്രദ്ധേയ ഹൈബ്രിഡ്. റാവ് 4 പ്രൈം എന്ന പേരിലാണ് വാഹനമെത്തുക.