
കൊച്ചി: മാളിൽ വച്ച് തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിന് കാരണക്കാരായ പ്രതികൾക്ക് താൻ മാപ്പുനല്കുന്നതായി ആക്രമിക്കപ്പെട്ട യുവനടി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. തന്നെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മാധ്യമങ്ങളോടും പോലീസിനോടും നടി നന്ദി അറിയിക്കുകയും ചെയ്തു.
കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകിട്ട് കളമശേരിയില്‍ വച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയായിരുന്നു.
ഞായറാഴ്ച രാവിലെ, തങ്ങള്‍ നടിയ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പരിചയപ്പെടാനാണ് ശ്രമിച്ചതെന്നും കാട്ടി യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പോലീസില്‍ കീഴടങ്ങാന്‍ ശ്രമം നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
നേരത്തെ, കുടുംബവുമൊത്ത് മാളില്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നും തന്റെ സഹോദരി ഇത് നേരില്‍ കണ്ടെന്നും നടി സോഷ്യൽ മീഡിയയിലൂടെയാണ് വെളിപ്പെടുത്തിയിരുന്നത്. ഒരു യുവാവ് തന്റെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്ശിച്ചപ്പോള് ഒരു നിമിഷത്തേയ്ക്ക് എന്തു ചെയ്യണമെന്നറിയാതെ സ്തബ്ദ്ധയായെന്നും നടി പറഞ്ഞിരുന്നു.
അതിനു ശേഷം കടന്നു കളഞ്ഞ ആ യുവാക്കള്‍ മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ച് വീണ്ടും പിന്തുടര്‍ന്നുവെന്നും സംസാരിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതികളുടെ ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു.
സംഭവത്തിലെ പ്രതികളെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദിനെയും ആദിലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.