
അബുദാബി: ബ്രിട്ടണിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ സൗദി അറേബ്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചു. വിദേശത്തേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും, കടൽമാർഗവും കരമാർഗവും രാജ്യത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.
ചില രാജ്യങ്ങളിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യവും, സുരക്ഷയും കണക്കിലെടുത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് സൗദി അറേബ്യ പ്രസ്താവനയിൽ അറിയിച്ചത്. വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള ചരക്കുനിരോധനത്തെയും വിലക്ക് ബാധിക്കില്ല.
ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈത്തും ബ്രിട്ടണിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തര യോഗം ചേരും.
ബ്രിട്ടണിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാൾ 70 ശതമാനമധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസ്. ബ്രിട്ടണിൽ ലണ്ടനിലും വടക്ക്കിഴക്കൻ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും  ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലണ്ടനിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ ടയർ 4 നിയന്ത്രണങ്ങൾ ഇന്നലെ മുതൽ നിലവിൽ വന്നു. ജനങ്ങളോട് യാത്രകൾ ഒഴിവാക്കാനും നിർദ്ദേശിച്ചു.