behra

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നത് വരെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തുടർന്നേക്കുമെന്ന് വിവരം. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം പരിശോധിച്ച് അന്തിമ തീരുമാനം ഉടൻ എടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഒരേ പദവിയിൽ മൂന്ന് വർഷമായി തുടരുന്നവർ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മാറണമെന്ന നിയമമാണ് ലോക്‌നാഥ് ബെഹ്റ ഡി ജി പി സ്ഥാനത്ത് നിന്ന് മാറുമെന്ന ചർച്ചകൾക്ക് അടിസ്ഥാനം.

ഇത്തരം സ്ഥലം മാറ്റം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ജോലിയുളളവരെ സ്വന്തം ജില്ലയിൽ നിയമിക്കരുത്, ഒരു പദവിയിൽ മൂന്ന് വർഷമായവരെ മാറ്റണം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അച്ചടക്ക നടപടിക്ക് വിധേയമായവരെയും വിരമിക്കാൻ ആറ് മാസം മാത്രം അവശേഷിക്കുന്നവരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ ഏതെല്ലാം പൊലീസ് ഉദ്യോഗസ്ഥർക്ക് ബാധകമെന്ന് കത്തിൽ എടുത്ത് പറയുന്നില്ല. എന്നാൽ കത്തിനൊപ്പം ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പുറപ്പെടുവിച്ച മാർഗനിർദേശത്തിന്റെ പകർപ്പും നൽകിയിട്ടുണ്ട്. ഇതിൽ പറയുന്നത് ഐ ജി വരെയുളള ഉദ്യോഗസ്ഥർക്കാണ് നിയമം ബാധകമെന്നാണ്. അങ്ങനെയെങ്കിൽ ലോക്‌നാഥ് ബെഹ്റയ്‌ക്ക് പൊലീസ് മേധാവി സ്ഥാനത്ത് തുടരുന്നതിൽ തടസമുണ്ടാവില്ല.