
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാനുളള ചൈനയുടെ നീക്കം എട്ടുനിലയിൽ പൊട്ടിയതിന് പിന്നാലെ സൈന്യത്തിൽ അഴിച്ചുപണി നടത്തി ചൈന.ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വെസ്റ്റേൺ തീയേറ്റർ കമാൻഡർ ഷാങ് സോങ്‌കിയെയാണ് ചൈന മാറ്റിയത്. പ്രസിസന്റ് ഷി ജിൻപിങ് നേരിട്ട് ഇടപെട്ടാണ് മാറ്റം നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. തന്റെ അനുവാദത്തോടെ നടന്ന അതിർത്തിയിലെ നീക്കം പരാജയപ്പെട്ടത് കടുത്ത നാണക്കേടായാണ് പ്രസിസന്റ് ഷി ജിൻപിങിന് കരുതുന്നത്. ഇതാണ് ചൈനീസ് പട്ടാളത്തിലെ ഏറ്റവും ശക്തൻ എന്നറിയപ്പെട്ടിരുന്ന ഷാങിനെതിരെ നടപടിയെടുക്കാൻ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. കാലാവധി പൂർത്തിയാക്കാതെ അധികാരമൊഴിയേണ്ടി വന്ന ആദ്യ വെസ്റ്റേൺ തീയേറ്റർ കമാൻഡറാണ് ഷാങ് എന്നാണ് റിപ്പോർട്ട്. ജനറൽ ഴാങ് സുഡോംഗ് ആണ് പുതിയ കമാൻഡർ.
ഇന്ത്യക്കെതിരായ നീക്കം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഴാങിനെ കാമൻഡറാക്കിയതെന്നാണ് അറിയുന്നത്. അടുത്തിടെയാണ് ഴാങിന് ജനറലായി സ്ഥാനക്കയറ്റം നൽകിയതും കമാൻഡറായി നിയമിച്ചതും. എല്ലാം അതീവരഹസ്യമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുവാദത്തോടെയാണ് സ്ഥാനക്കയറ്റവും നിയമനവും. പാർട്ടിയിലും സർക്കാരിലും കാര്യമായ സ്വാധീനമുളള വ്യക്തിയാണ് ഴാങ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുളള രഹസ്യങ്ങൾ ഒന്നും പുറത്തുവരാതിരിക്കാൻ ചൈന പരമാവധി ശ്രദ്ധിക്കുന്നുണ്ട്.
പുതിയ കമാൻഡറുടെ നിയമനത്തിന് പിന്നാലെ കഴിഞ്ഞദിവസവും അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈന ശ്രമിച്ചിരുന്നു. രണ്ട് വാഹനത്തിൽ സിവിൽ വേഷത്തിലെത്തിയ സൈനികർ ലേയ്ക്കടുത്ത് ന്യോമ പ്രദേശത്തേക്ക് കടക്കുകയായിരുന്നു.ഇവരെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് ഐടിബിപി സേന ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
അതിർത്തിയിലെ നീക്കം പരാജയപ്പെട്ടതിനുശേഷം ചൈനയുടെ ഭാഗത്തുനിന്ന് നിരവധി തവണയാണ് പ്രകോപനം ഉണ്ടായത്. രാജ്യത്തിന്റെ ഒരിഞ്ചുഭൂമിപോലും വിട്ടുകൊടുക്കരുതെന്നും പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമാണ് ഇന്ത്യ സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.