pinarayi-vijayan

തിരുവനന്തപുരം: കാർഷിക നിയമഭേദഗതിക്ക് എതിരെ ബദൽ സാദ്ധ്യത തേടി കേരളം. പ്രത്യേക മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. പഞ്ചാബ് മാതൃകയിൽ ബദൽ സാദ്ധ്യതക്കാണ് സംസ്ഥാന സർക്കാർ ആലോചന നടത്തുന്നത്. ഇതിനായി ഉപസമിതിയെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക ബില്ലുകൾക്കെതിരെ പ്രമേയം പാസാക്കാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം 23ന് വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കർഷകസമരത്തിന് അനുകൂല നിലപാടാണ് എൽ ഡി എഫിനും യു ഡി എഫിനും. നിയമസഭ സമ്മേളിച്ച് ഇക്കാര്യത്തിലുളള സംസ്ഥാനത്തിന്റെ വികാരം ഒറ്റക്കെട്ടായി പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതിപക്ഷനേതാവുമായി ടെലിഫോണിൽ ബന്ധപ്പെട്ട ശേഷമാണ് നിയമസഭ ചേരാനുളള തീരുമാനമെടുത്തത്. പ്രത്യേക അടിയന്തര സമ്മേളനമായതിനാൽ ഗവർണറോട് 15 ദിവസത്തെ മുൻകൂർ അനുമതി തേടേണ്ടതില്ല. എട്ടിന് ചേരാനിരിക്കുന്ന സഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതിയായിട്ടുമില്ല. ബുധനാഴ്ച ഒരു മണിക്കൂർ സഭ സമ്മേളിക്കാനാണ് ആലോചിക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കും. എല്ലാ കക്ഷിനേതാക്കൾക്കും സംസാരിക്കാൻ അവസരമുണ്ടാകും.