cm-raveendran

കൊച്ചി: കള‌ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യില്ല. വൈറസ് ബാധ ഭേദമായ ശേഷമുള‌ള ചികിത്സയുടെ ഭാഗമായുള‌ള വൈദ്യപരിശോധന നടത്തേണ്ടതിനാൽ ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് രവീന്ദ്രൻ അറിയിച്ചതിനെ തുടർന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ ഒഴിവായത്. വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രൻ ചോദ്യംചെയ്യലിൽ നിന്ന് ഒഴിവ്തേടിയത്. ഈ ആവശ്യം ഇ.ഡി അനുവദിക്കുകയായിരുന്നു.

ഇന്ന് 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് രാവിലെ ഒൻപതോടെ എത്താൻ അസൗകര്യം അറിയിച്ച് രവീന്ദ്രൻ ഇ.ഡിയ്‌ക്ക് മെയിൽ ചെയ്‌തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് ദിവസം കൂടി രവീന്ദ്രൻ ചോദിച്ചതായാണ് വിവരം. മുൻപ് രണ്ട് ദിവസം എൻഫോഴ്‌സ്‌മെന്റ് അധികൃതർ സി.എം രവീന്ദ്രനെ ചോദ്യം ചെയ്‌തിരുന്നു.

സ്വർണക്കടത്ത് കേസിലെ പ്രതികൾ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളും കേസിലെ തെളിവുകളും അടിസ്ഥാനമാക്കിയാണ് രവീന്ദ്രനെ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്‌തത്. ലൈഫ് മിഷൻ, വിവിധ സർക്കാർ പദ്ധതികൾ, ഊരാളുങ്കൽ ലേബർ സൊസൈ‌റ്റിക്ക് നൽകിയ പല കരാറുകൾ, വിവിധ പദ്ധതികളുമായി ബന്ധമുള‌ള നിക്ഷേപകർ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദ്യം ചെയ്യലിലുണ്ടായിരുന്നത്. ആദ്യം മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രൻ വൈറസ് മഹാരോഗബാധിതനായതിനാലും തുടർന്ന് ചികിത്സയിലായതിനാലും എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. നാലാം തവണ ഇ.ഡി നോട്ടീസ് നൽകിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.