sachin

ക്രിക്ക‌റ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കറിന്റെ പേരിൽ പ്രശ‌സ്‌തനായ ബംഗാളിലെ സിലിഗുരി ബംഗാൾ സഫാരി പാർക്കിലെ പുള‌ളിപ്പുലി സച്ചിൻ മരണമടഞ്ഞു. കൃത്യമായ മരണകാരണം അറിവായിട്ടില്ലെങ്കിലും ഹൃദയാഘാതമാണ് കാരണമെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. മുൻപ് 2019 ജനുവരിയിൽ കൂട്ടിൽ നിന്നും രക്ഷപെട്ട് നാട്ടിൽ കറങ്ങാനിറങ്ങിയ ശേഷം തിരികെ കൂട്ടിലേക്ക് തന്നെ മടങ്ങിയെത്തി സച്ചിൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്ന് നാടാകെ പുലിപ്പേടിയിൽ വിറച്ചിരുന്നു. അതിന് ശേഷം എന്നും പാർക്ക് അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇതുവരെ സച്ചിൻ.

കഴിഞ്ഞ ഏഴ് ദിവസങ്ങളായി സച്ചിൻ രോഗബാധിതനായിരുന്നെന്നും ചികിത്സ നൽകുകയായിരുന്നുവെന്നും പാർക്ക് ഡയറക്‌ടർ ബാദൽ ദേബ്നാഥ് അറിയിച്ചു. ബംഗാളിലെ തന്നെ അലിപുർദുവാർ ജില്ലയിലെ കടുവ-പുലി സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നും സിലിഗുരിയിലെ പാർക്കിലേക്ക് കൊണ്ടുവന്ന രണ്ട് പുലികൾക്ക് ക്രിക്ക‌റ്റ് താരങ്ങളായ സച്ചിൻ ടെൻഡുൾക്കറുടെയും സൗരവ് ഗാംഗുലിയുടെയും പേര് നൽകുകയായിരുന്നു. ഇപ്പോൾ സൗരവിനെ കൂടാതെ കാജൽ,ശീതൾ എന്നീ പുലികളും പാർക്കിലുണ്ട്. 297 ഹെക്‌ടർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് 2016 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട ബംഗാൾ സഫാരി പാർക്ക്. കടുവ, പുള‌ളിപ്പുലി, കരടി എന്നിവയാണ് പാർക്കിലെ താമസക്കാർ.