
ജയ്പൂർ: ബാല വിവാഹത്തെ എതിർത്ത വൃദ്ധനെ നാട്ടുകൂട്ടം പന്ത്രണ്ട് വർഷം വിലക്കിയതായി പരാതി. രാജസ്ഥാനിലെ ചിറ്റോർഗഡിലാണ് സംഭവം. വൃദ്ധന്റെ പരാതിയിൽ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലവിവാഹം, മൃത്യഭോജ്(മരണവുമായി ബന്ധപ്പെട്ടു നടത്തുന്ന ചടങ്ങ്) തുടങ്ങിയവയെ എതിർത്തതാണ് വൃദ്ധനെയും കുടുംബത്തെയും വിലക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ശിവ്‌ലാൽ എന്ന വ്യക്തിയേയും കുടുംബത്തെയും ബഹിഷ്‌കരിക്കാൻ നാട്ടുകൂട്ടം ഗ്രാമവാസികളോട് ആവശ്യപ്പെട്ടിരുന്നു. ബിംബഹേരയിലെ സത്ഖണ്ട നിവാസിയാണ് ശിവ്‌ലാൽ. കഴിഞ്ഞ ജൂലായിൽ ബാലവിവാഹവും, മൃത്യഭോജുമായും ബന്ധപ്പെട്ട് പഞ്ചായത്ത് യോഗം ചേർന്നിരുന്നു. ഇതിൽ അറുപത്തഞ്ചുകാരനായ ശിവ്‌ലാൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
സമുദായത്തിന്റെ തീരുമാനത്തെ എതിർത്തതിന് കനത്ത വില നൽകേണ്ടിവരുമെന്ന് നാട്ടുകൂട്ടത്തിലെ മുതിർന്ന അംഗങ്ങൾ ശിവ്‌ലാലിന് മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്തംബറിൽ നാട്ടുകൂട്ടം ഇദ്ദേഹത്തെ വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കി. കൂടാതെ ശിവ്‌ലാലുമായോ കുടുംബവുമായോ ബന്ധപ്പെടുന്നവരിൽ നിന്ന് 1.1 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.