
അലങ്കാരച്ചെടികളിൽ മുൻനിരയിലാണ് ഗ്ലാഡിയോലസിന്റെ സ്ഥാനം. ഏറെ വിപണനസാദ്ധ്യതയുള്ള പൂക്കളായതുകൊണ്ട് തന്നെ കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണ്. നന്നായി ശ്രദ്ധിച്ചാൽ കൂടുതൽ വരുമാനമുണ്ടാക്കാവുന്ന കൃഷിയാണിത്. ബൊക്കെ നിർമ്മാണത്തിനും അലങ്കാരത്തിനുമാണ് ഗ്ലാഡിയോലസ് കൂടുതലും ഉപയോഗിക്കുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം വേണം കൃഷിക്ക് തിരഞ്ഞെടുക്കാൻ.
കിഴങ്ങ് നട്ടാണ് ഗ്ലാഡിയോലസ് വളർത്തുന്നത്. ഇടത്തരം കിഴങ്ങാണ് മികച്ച വിളവ് തരുന്നത്. നടാനുദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് കാലി വളമോ കമ്പോസ്റ്റോ ചേർത്ത് ഒരുക്കിയെടുക്കണം. 20 സെന്റി മീറ്റർ അകലത്തിൽ വാരം തീർത്ത് 30 സെന്റിമീറ്റർ അകലത്തിലും അഞ്ചു സെന്റിമീറ്റർ ആഴത്തിലും കിഴങ്ങ് നടാം. കിഴങ്ങ് നട്ട് 45 ദിവസം കഴിഞ്ഞ് നൈട്രജൻ ചേർക്കുന്നത് നല്ലതാണ്. നടുന്നതിന് മുന്നേ കിഴങ്ങുകളുടെ പുറന്തൊലി നീക്കം ചെയ്ത് നനഞ്ഞ മണലിൽ പകുതി താഴ്ത്തി വച്ചാൽ വേഗത്തിൽ കിളിർക്കും. ശേഷം തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്. കൃഷി ചെയ്യുന്ന മണ്ണും കാലാവസ്ഥയും അനുസരിച്ച് മൂന്ന് നാല് ദിവസം കൂടുമ്പോൾ നനയ്ക്കണം. നനയ്ക്കുമ്പോൾ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് വേരുകൾ അഴുകിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. വേനൽക്കാലത്ത് പുതയിട്ട് കൊടുക്കുന്നത് മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ചെടികൾ മൊട്ടിട്ട് തുടങ്ങുമ്പോഴേക്കും താങ്ങ് കൊടുക്കുന്നത് നല്ലതാണ്. റോഗർ കീടനാശിനി വെള്ളത്തിൽ കലക്കി തളിച്ചാൽ പ്രധാന ശത്രുക്കളായ ഇല തീനിപ്പുഴുക്കളെയും ഏഫിഡുകളെയും തുരത്താവുന്നതാണ്. ചെടികൾ നട്ട് മൂന്ന് നാല് മാസത്തിനുള്ളിൽ മൊട്ടിടും. പൂങ്കുലയുടെ അടിഭാഗത്തെ പൂവ് വിരിയാൻ തുടങ്ങുന്നതോടെ രണ്ട് ഇലയോടൊപ്പം പൂങ്കുല മൊത്തത്തിലായി മുറിച്ചെടുക്കാം. അവയുടെ തണ്ട് വെള്ളത്തിൽ മുക്കി വച്ചാൽ ദിവസങ്ങളോളം പുതുമ സൂക്ഷിക്കാം.