
ന്യൂഡൽഹി: ഹാഥ്റാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയും കേസിലെ പ്രതിയായ സന്ദീപും തമ്മിലുളള പ്രണയബന്ധത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സി ബി ഐ. കുറ്റപത്രത്തിലാണ് സി ബി ഐ ഇക്കാര്യം പരാമർശിക്കുന്നത്.
പെൺകുട്ടിയും സന്ദീപും തമ്മിൽ കഴിഞ്ഞ മാർച്ച് വരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. പിന്നീട് ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറി. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ഇവരുടെ ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ നിരവധിതവണ വാക്കുതർക്കം ഉണ്ടായിട്ടുണ്ടെന്നും കുറ്റപത്രത്തിൽ സി ബി ഐ വ്യക്തമാക്കുന്നുണ്ട്. കോൾ റെക്കോർഡുകൾ ഉൾപ്പടെ പരിശോധിച്ചാണ് സി ബി ഐയുടെ കണ്ടെത്തൽ. വൈദ്യ പരിശോധന വൈകിയത് തെളിവുകൾ ശേഖരിക്കാൻ വെല്ലുവിളിയായെന്നും കുറ്റപത്രത്തിൽ പറയുന്നു. നാലുപേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് കേസെടുത്തിരുന്നത്.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും പൊലീസിന്റെയും നടപടി ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പ്രതിഷേധം കടുത്തതോടെ പൊലീസ് നിലപാട് മാറ്റി. പെൺകുട്ടി രണ്ട് തവണ മൊഴിനൽകിയെന്നും ആദ്യമൊഴിയിൽ ബലാത്സംഗം നടന്നതായി പറഞ്ഞില്ലെന്നുമാണ് പിന്നീട് പൊലീസ് പറഞ്ഞത്. നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു എന്നതിനപ്പുറം മറ്റ് കാര്യങ്ങൾ പറയാൻ പെൺകുട്ടി തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.