airport-london

ലണ്ടൻ: വൈറസ് രോഗബാധയുടെ പുതിയ വകഭേദം കണ്ടെത്തിയതോടെ വിവിധ രാജ്യങ്ങൾ യു.കെയിലേക്കുള‌ള തങ്ങളുടെ വിമാന സർവീസുകൾ റദ്ദാക്കുകയാണ്. ഇതുവരെ പതിനേഴോളം രാജ്യങ്ങളാണ് വിമാന സർവീസുകൾ ഇങ്ങനെ റദ്ദാക്കിയത്. മഹാമാരിയുടെ പുതിയ വകഭേദത്തിന് ഗവേഷകർക്ക് ഇതുവരെ അറിയാത്ത നിരവധി ദോഷങ്ങളുണ്ടാകാമെന്നാണ് വിദഗ്‌ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച തെക്കൻ ഇംഗ്ളണ്ടിൽ നാല് ശ്രേണിയിലുള‌ള ലോക്‌ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക നിലവിൽ യു.കെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് അറിയിച്ചു.

ഫ്രാൻസ്,ജർമ്മനി, ഇസ്രായേൽ, എൽ സാൽവദോർ, ബൾഗേറിയ, നെതർലാന്റ്, ഇ‌റ്റലി, ഫിൻ‌‌ലാന്റ്, ഡെന്മാർക്ക്, തുർക്കി, മൊറോക്കോ, ബെൽജിയം,കാനഡ, ഓസ്‌ട്രിയ, സൗദി അറേബ്യ, കുവൈത്ത്, അയർലാന്റ് എന്നീ രാജ്യങ്ങളാണ് ഇതുവരെ യൂറോപ്പിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സ്ഥിതിഗതിയെ കുറിച്ച് ചർച്ച ചെയ്യാൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് രാജ്യത്തെ ഉന്നതതല യോഗം വിളിക്കുന്നുണ്ട്. അയർലാന്റിലെ ഡബ്ലിനിലേക്ക് പോകാൻ നിലവിൽ ജനം തിക്കിതിരക്കുകയാണ് ഇംഗ്ളണ്ടിലെ വിമാനത്താവളങ്ങളിൽ.

പുതിയ വൈറസിന്റെ സ്വഭാവം എങ്ങനെയെന്ന് ഗവേഷകർ പഠിക്കുകയാണിപ്പോൾ. ഇൻഫ്ളുവൻസ വൈറസ് പോലെ ഒരാൾക്ക് വിവിധ വൈറസുകളുമായി സമ്പർക്കമുണ്ടാകുമ്പോൾ അവയ്ക്ക് പരിവർത്തനം സംഭവിക്കും. അത് മാത്രമാണ് ഇപ്പോൾ സംഭവിച്ചതെന്ന് പറയുന്നു ലെസസ്‌റ്റർ സർവകലാശാലയിലെ വൈറോളജിസ്‌റ്റ് ഡോ. ജൂലിയൻ ടാംഗ്. മഹാമാരിയുടെ വൈറസിന് എപ്പോഴും പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഇത് പ്രതീക്ഷിച്ചത് തന്നെയാണെന്നും ലിവർപൂൾ സർ‌വകലാശാലയിലെ പ്രൊ. ജീലിയൻ ഹിസ്‌കോക്‌സ്.

ചൈനയിൽ വുഹാനിൽ നിന്നും കണ്ടെത്തിയ ശേഷം നിലവിൽ യു.കെയിൽ കണ്ടെത്തിയ മാ‌റ്റമുണ്ടായ വൈറസ് ജനിതകമായി വളരെ മാ‌റ്റമുണ്ടായതാണ്. ഇതാണ് വിവിധ രാജ്യങ്ങൾ യു.കെയിലേക്ക് യാത്രാനിരോധനം കൊണ്ടുവരാൻ കാരണം. വൈറസിന്റെ മുൻ വകഭേദത്തെക്കാൾ അപകടകരമായ വിധത്തിൽ പടരുന്നതാണ് പുതിയ വൈറസ് വകഭേദമെന്ന് യു.കെ സർക്കാർ പറയുന്നു. എന്നാൽ ഗവേഷകർ ഇപ്പോഴും ഇതിനെ കുറിച്ച് പഠിക്കുന്നതേയുള‌ളു. ചിലർ സർക്കാർ പറയുന്നത് ശരിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ മ‌റ്റു ചിലർ ഇപ്പോഴും വൈറസിന്റെ സ്വഭാവം പഠിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു. 40 ശതമാനം മുതൽ 70 ശതമാനം വരെ രോഗവ്യാപന ശേഷി പുതിയ വകഭേദത്തിന് കൂടുതലാണെന്ന് ബ്രിട്ടീഷ് പ്രതിരോധശേഷി മുൻ പ്രസിഡന്റ് പ്രൊഫ. പീ‌റ്റർ ഓപെൻഷോ പറയുന്നു. എന്നാൽ പുതിയ വൈറസ് വകഭേദം മരണകാരണമാകുമെന്ന് തെളിഞ്ഞിട്ടില്ലെന്നാണ് ചില ഗവേഷകർ‌ പറയുന്നത്.

എന്നാൽ രോഗ പ്രതിരോധ കുത്തിവയ്‌പ്പിനെ പുതിയ വൈറസ് വകഭേദം പ്രതികൂലമായി ബാധിക്കും എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയിലും വ്യതിയാനം സംഭവിച്ച മഹാമാരിയുടെ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങൾ ഇവിടേക്ക് യാത്രാവിലക്കുകൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. തുർക്കി ദക്ഷിണാഫ്രിക്കയിലേക്കും യുകെയിലേക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.