
 അതിമനോഹരമായ ആ നഗരമധ്യത്തിൽ അതീവസുന്ദരമായ ഒരു മ്യൂസിയം ഉണ്ടായിരുന്നു. മ്യൂസിയത്തിൽ സ്ഥാപിച്ചിരുന്ന ഒരു മാർബിൾ പ്രതിമയായിരുന്നു അവിടേക്ക് കൂടുതൽ ജനങ്ങളെ ആകർഷിച്ചത്. ലോകത്തിന്റെ പലഭാഗത്തുനിന്നും ആ അത്ഭുത ശില്പം കാണാൻ എത്തിയിരുന്നു. ആ നഗരത്തിന്റെ പ്രധാന വരുമാനമാർഗം തന്നെ ഇത്തരം ടൂറിസ്റ്റുകൾ ആയിരുന്നു. ശില്പിയെയും ആ മാർബിൾ ശില്പത്തെയും കുറിച്ചുള്ള പ്രശംസാവചനങ്ങൾ കൊണ്ട് മുഖരിതമായിരുന്നു ആ മ്യൂസിയം. വെണ്ണക്കൽ മാർബിളിൽ കൊത്തിയെടുത്ത ആ ശില്പത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ആ സർഗ്ഗാധനനായ ശില്പിയെ സ്മരിക്കാത്തവർ ആരുമുണ്ടാകില്ല. കലയുടെ സമ്പൂർണമായ മാസ്മരികതയായിരുന്നു അവിടെ കാണാൻ ഉണ്ടായിരുന്നത്.
മാർബിൾ ശില്പത്തിനുകിട്ടുന്ന ആദരവിലും അംഗീകാരത്തിലും അസഹിഷ്ണുതയും അസൂയയും നിരാശയുമൊക്കെ വച്ചുപുലർത്തിയിരുന്ന ഒരു മാർബിൾ സുഹൃത്ത് അവിടെ ഉണ്ടായിരുന്നു. തറയിൽ പാകിയിരിക്കുന്ന മാർബിൾ ടൈൽ മാർബിൽ ശില്പത്തെ കാണാൻ പോകുന്നവരൊക്കെ തന്നെ ചവുട്ടികടന്നുപോയിട്ടും തനിക്ക് സ്നേഹാദരങ്ങൾ കിട്ടുന്നില്ല എന്നതിൽ മാർബിൾ ടൈൽ അത്യന്തം അസ്വസ്ഥനായിരുന്നു.
മാർബിൾ ടൈൽ ഒരിക്കൽ സങ്കടം സഹിക്കാൻ കഴിയാതെ മാർബിൾ ശില്പത്തോട് ചോദിച്ചു,
''പ്രിയസഹോദരാ ഞാനും നീയും ഒരേ സ്ഥലത്തുനിന്നും കുഴിച്ചെടുക്കപ്പെട്ടവരല്ലേ! നിനക്കത് ഓർമ്മയില്ലേ?""
''അതേ,എനിക്ക് നല്ല ഓർമ്മയുണ്ട്. പക്ഷേ അതാണ് എന്നെ കൂടുതൽ അസ്വസ്ഥനാക്കുന്നത്. നമ്മളിരുവരും ഒരേ ഗുഹയിൽ നിന്ന് വെട്ടിയെടുക്കപ്പെട്ടവാരണ്. പക്ഷേ ലോകം എന്നോട് നീതികാണിക്കുന്നില്ല. നിനക്ക് കിട്ടുന്ന സ്നേഹാദരങ്ങളോ പരിഗണനയോ എനിക്ക് കിട്ടുന്നില്ല. ഇത് തികച്ചും അനീതിയാണ്.""
ഇത് കേട്ട് മാർബിൾ ശില്പം പറഞ്ഞു.
''ശരിയാണ് സഹോദരാ നീ പറഞ്ഞത്. നമ്മളിരുവരും ഒരേ സ്ഥലത്തുനിന്നും വന്നവരാണ്. പക്ഷേ ശില്പി തന്റെ ഉളിയുമായി വന്ന ദിവസം ഞാനിപ്പോഴും ഓർക്കുന്നു. അദ്ദേഹം നിന്നെ ചെത്തി മിനുക്കാൻ ഉളിയുമായി വന്നപ്പോൾ നീ അത് പ്രതിരോധിച്ചു. ""
''അതെ!അതെ! ഞാൻ സമ്മതിച്ചില്ല. അയാളുടെ കൂർത്തമുനയുള്ള ഉളി എന്റെ ദേഹത്ത് പതിക്കാൻ ഞാൻ അനുവദിച്ചില്ല. അത്രയ്ക്ക് വേദന സഹിക്കാൻ എന്നെ കിട്ടില്ല.""
ഇതുകേട്ടപ്പോൾ മാർബിൾ ശില്പത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
''നീ അതിനു തയ്യാറായില്ല എന്നതു സമ്മതിച്ചല്ലോ? നീ ശില്പിയുടെ സർഗ്ഗവൈഭവം പ്രകടിപ്പിക്കാൻ വിസമ്മതിച്ചപ്പോൾ അയാൾ നിന്നെ ഉപേക്ഷിച്ചു. പിന്നീട് എന്നോടാണ് അയാൾ സഹകരിക്കാമോ എന്ന് ചോദിച്ചത്. ഞാൻ ഒരെതിർപ്പും പറയാതെ സമ്മതിച്ചു. അയാളുടെ ശില്പ വൈഭവം കൊണ്ട് എനിക്ക് പുതിയ രൂപം കിട്ടുമെന്ന് ഞാൻ കരുതി. എനിക്ക് ആ സർഗ്ഗാധനൻ പകിട്ടാർന്ന രൂപം ഉണ്ടാക്കിതരുമെന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ നിലത്തുകിടന്ന് ഏവരുടെയും പാദപതനമേറ്റ് തേഞ്ഞുപോകാനായിരുന്നേനെ എന്റെ വിധി. അതുകൊണ്ട് അദ്ദേഹം എനിക്ക് സമ്മാനിക്കുന്ന ദിവ്യ രൂപത്തിനുവേണ്ടി ഞാൻ കുറേയധികം വേദനസഹിക്കാൻ തയ്യാറായി. അദ്ദേഹത്തിന്റെ ഉളി ഇഷ്ടംപോലെ പതിയട്ടെ എന്നു ഞാൻ കരുതി. അങ്ങനെ എനിക്കൊരു പുതിയ രൂപം കിട്ടി.""
ഇതുകേട്ടപ്പോൾ മാർബിൾ ടൈൽ ചോദിച്ചു.
''ആ ഉളികൊണ്ടുള്ള കുത്ത് ഭയങ്കര വേദന ഉണ്ടാക്കില്ലേ? ആർക്ക് സഹിക്കാൻ പറ്റും അത്?""
മാർബിൾ ശില്പം ചിരിച്ചുകൊണ്ടു പറഞ്ഞു.
''വേദനിക്കാതെ ഈ ലോകത്ത് ഒരു നേട്ടവും ഉണ്ടാകില്ല സോദരാ. എല്ലാറ്റിനും അതാതിന്റെ വിലകൊടുക്കണം. ഈ ഭൂമിയിൽ ഒന്നും സൗജന്യമായി കിട്ടില്ല.""
''നീ ഉളിമുനയെ പ്രതിരോധിക്കാനും തുടക്കത്തിലേതന്നെ എതിർപ്പ് പ്രകടിപ്പിക്കാനും തുനിഞ്ഞതോടെ അദ്ദേഹം തന്റെ ദൗത്യം ഉപേക്ഷിച്ചു. അതിൽ ആരെയാണ് കുറ്റപ്പെടുത്തുക. അല്പം യാതന സഹിക്കാതെ വിജയത്തിൽ എത്താമെന്നു കരുതുന്നത് വ്യാമോഹം മാത്രമാണ്. നീ അല്പം പോലും വേദനയും പ്രയാസവും സഹിക്കാൻ തയ്യാറായില്ല. അതുകൊണ്ട് നീ എല്ലാവരുടെയും ചവിട്ടേറ്റ് ഇവിടെ കിടക്കുന്നു അത്രതന്നെ! ""
മാർബിൾ ടൈൽ കുറ്റബോധം കൊണ്ട് മൗനത്തിലായി. അയാൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. അതായത് ജീവിതത്തിൽ കഠിന പരീക്ഷണങ്ങളെ നേരിടുന്നവർക്കുമാത്രമേ വിജയിക്കാൻ കഴിയുകയുള്ളൂ. അവസരങ്ങൾ ഉപയോഗപ്പെടുത്തുകയും അവസരത്തിനൊത്ത് ഉയരുകയും ചെയ്യേണ്ടതുണ്ട്. പ്രതിബന്ധങ്ങളും യാതനകളും ഉണ്ടെങ്കിൽ താത്ക്കാലിക സ്വാസ്ഥ്യത്തിനായി ഒരു ദൗത്യത്തിൽ നിന്ന് പിന്തിരിയാൻ പാടില്ല. അങ്ങനെ ചെയ്താൽ നമ്മുടെ മാർബിൾ ടൈലിനെപോലെ എന്നും ആരുടെയെങ്കിലും കാൽച്ചുവട്ടിൽ കഴിയേണ്ടിവരും. അതിനാൽ ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കാനായി വലിയ നേട്ടങ്ങൾ വേണ്ടെന്നു വയ്ക്കരുത്.