majeed

തിരുവനന്തപുരം: കോൺഗ്രസിനും ലീഗിനുമെതിരെയുളള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ പിന്തുണച്ച് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രംഗത്തെത്തി. മുസ്ലിം ലീഗ് മതമൗലികവാദത്തിലേക്ക് നീങ്ങുന്നു എന്ന് പറഞ്ഞത് ശരിയാണ്. മുസ്ലിം ലീഗിനെ കുറിച്ചാണ് പറഞ്ഞത്, മുസ്ലിങ്ങളെ കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണ്. മതമൗലികവാദം കേരളത്തിൽ അനുവദിക്കില്ല. വർഗീയവാദത്തിന്റെ കരുത്തിൽ കേരളത്തെ നിയന്ത്രിക്കാനാണ് ലീഗിന്റെ ശ്രമം. മതേതര ചേരി​യി​ലുളള മുസ്ലി​ങ്ങളെ ലീഗ് മതപക്ഷത്തെത്തി​ച്ചു'-വി​ജയരാഘവൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തി​രഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു ഡി എഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നുതുടങ്ങുന്ന മുഖ്യമന്ത്രി​യുടെ ഫേസ്ബുക്ക് കുറി​പ്പി​നെച്ചൊല്ലിയുളള രാഷ്ട്രീയ വി​വാദം ശക്തമാവുകയാണ്. കോൺ​ഗ്രസും ലീഗും പ്രസ്താവനയ്ക്ക് എതി​രെ രംഗത്തെത്തി​.

മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലമായ തരത്തിലുള്ളവയാണെന്ന വിമർശനമാണ് മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഉന്നയിക്കുന്നത്.

'ഉത്തരേന്ത്യയിലെ ബി ജെപി വർഗീയ രാഷ്ട്രീയം കേരളത്തിൽ സിപിഎം പയറ്റുകയാണ്. മുഖ്യമന്ത്രി പറയുന്നത് വി മുരളീധരന്റെ അതേ വാചകങ്ങളാണ്. ലീഗിനെ ഇല്ലാതാക്കി ആരെ വളർത്താനാണ് പിണറായി ശ്രമിക്കുന്നത്. വർഗീയ പ്രസ്താവനകളുടെ ഗുണം കിട്ടാൻ പോവുന്നത് ബി.ജെ.പിക്കാണന്ന് സി പി എം ഓർക്കണം. പിണറായിയെപ്പോലെ അകത്ത് വർഗീയത വച്ചു പുലർത്തുന്ന നേതാക്കൾ വേറേയില്ല.കേരളം കണ്ട ഏറ്റവും വലിയ വർഗീയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നായി​രുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദി​ന്റെ ആരോപണം. ഇകെ സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നിശിതമായി വിമർശിച്ചിരുന്നു.

മുഖ്യമന്ത്രി വർഗീയതയ്ക്ക് തിരി കൊളുത്തുന്നു. ലീഗ് യു.ഡി.എഫിന്റെ തലപ്പത്ത് വന്നാൽ എന്താണ് കുഴപ്പം.മുഖ്യമന്ത്രിയും സി പി എമ്മും മുസ്ലീം ലീഗിനെ മുന്നിൽനിറുത്തി സമുദായത്തെ മൊത്തത്തിൽ വിമർശിക്കുകയാണെന്നുമായിരുന്നു മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തൽ.