poojappura

തിരുവനന്തപുരം: ജയിൽ വകുപ്പ് പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ആരംഭിച്ചതു പോലുള്ള പെട്രോൾ പമ്പ് അട്ടക്കുളങ്ങര വനിതാ ജയിലിലും ആരംഭിക്കാനൊരുങ്ങി ജയിൽ വകുപ്പ്. ഇതിനുള്ള നടപടികൾ ജയിൽ വകുപ്പ് തുടങ്ങി. വനിതാ ജയിലിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിനായുള്ള എതിർപ്പില്ലാരേഖ (എൻ.ഒ.സി) സർക്കാർ ജയിൽ വകുപ്പിന് നൽകിയിട്ടുണ്ട്. ഇതേതുടർന്നാണ് ജയിൽ വകുപ്പ് നടപടികൾ തുടങ്ങിയത്.

വനിതാ തടവുകാർ

പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ തുടങ്ങിയ പെട്രോൾ പമ്പിൽ അന്തേവാസികളായ പുരുഷ തടവുകാരെയാണ് ജീവനക്കാരായി നിയമിച്ചിട്ടുള്ളത്. അതേസമയം,​ വനിതാ ജയിലിൽ തുടങ്ങുന്ന പമ്പിൽ സ്ത്രീ തടവുകാരെയാകും ജീവനക്കാരായി നിയമിക്കുക. ജയിൽ വളപ്പിൽ പമ്പ് സ്ഥാപിക്കുന്നതിനായി രണ്ട് പ്രമുഖ എണ്ണക്കമ്പനികളുമായി ജയിൽ വകുപ്പ് ചർച്ചകൾ നടത്തി വരികയാണ്. കമ്പനികളുമായി ധാരണയിലെത്തിയാലുടൻ പമ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

നിലവിൽ വനിതാ ജയിൽ വളപ്പിൽ ഒരു ഭക്ഷ്യോത്പാദക യൂണിറ്റും തയ്യൽ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇഡ്ഡലിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിക്കുന്നതോടെ വനിതാ ജയിലിൽ ഏറ്റവും വരുമാനം ലഭിക്കുന്ന വ്യവസായമായി ഇതുമാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പൂജപ്പുരയിലുള്ള പെട്രോൾ പമ്പ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ്. ഈ വർഷം ആദ്യമായിരുന്നു ഇത് പ്രവർത്തനം ആരംഭിച്ചത്. പ്രതിദിനം എട്ട് ലക്ഷം രൂപയുടെ വരുമാനം ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ ഇപ്പോൾ പ്രതിദിനം ടാങ്കിൽ പെട്രോൾ നിറയ്ക്കേണ്ട സ്ഥിതിയാണുള്ളതെന്ന് ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ പറ‍ഞ്ഞു. രാവിലെ ഏഴ് മുതൽ രാത്രി 10 വരെയാണ് പമ്പ് പ്രവർത്തിക്കുക. പമ്പിൽ ഇന്ധനം നിറയ്ക്കുന്നത് തടവുകാരാണ്. പണം വാങ്ങുന്നത് ജയിൽ ജീവനക്കാരും. പകൽ സമയത്ത് എട്ടു മുതൽ 10 ജീവനക്കാർ വരെ പമ്പിലുണ്ടാകും. 6ന് ശേഷം തടവുകാരുടെ എണ്ണം ആറായി കുറയ്ക്കും. പ്രതിദിനം 170 രൂപയാണ് തടവുകാർക്ക് ലഭിക്കുക. പമ്പിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം സർക്കാരിനും ശേഷിക്കുന്നത് ജയിലിലെ തടവുകാരുടെ ക്ഷേമബോർഡിലേക്കുമാണ് പോകുന്നത്.

ഇതുകൂടാതെ കണ്ണൂർ,​ തൃശൂർ വിയ്യൂർ,​ കാസർകോട്,​ കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലും പെട്രോൾ പമ്പ് സ്ഥാപിക്കുന്നുണ്ട്. എറണാകുളത്തും ജയിലിൽ പെട്രോൾ പമ്പ് നിർമ്മിക്കുന്നതിനുള്ള എൻ.ഒ.സി സർക്കാർ നൽകിയിട്ടുണ്ട്.