
ന്യൂഡൽഹി: ആയുധങ്ങളുമായി പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കെത്തിയ ഡ്രോണിലേക്ക് സുരക്ഷാ സേന വെടിയുതിർത്തു. 11 ഗ്രനേഡുകൾ സേന പിടിച്ചെടുത്തു. പാക് അതിർത്തിയിൽ നിന്നും പഞ്ചാബിലെ ഗുർദാസ്‌പൂർ ജില്ലയിലേക്ക് വന്ന ഡ്രോണിൽ നിന്നാണ് ഈ ഗ്രനേഡുകൾ ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. ഇവയെല്ലാം പാകിസ്ഥാനിലെ റാവൽപിണ്ടിയിലുളള ആയുധനിർമ്മാണശാലയിൽ നിർമ്മിച്ചതാണ്. ഒരു പ്ളാസ്‌റ്റിക് ബോക്‌സിൽ നിറച്ച നിലയിലാണ് എച്ച്.ജി-84 ശ്രേണിയിൽ പെട്ട ഗ്രനേഡുകൾ കണ്ടെത്തിയത്. കഴിഞ്ഞ 15 മാസങ്ങൾക്കിടെ നടക്കുന്ന ഇത്തരത്തിലെ എട്ടാമത് സംഭവമാണിതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.
മുപ്പത് മീറ്റർ ദൂരപരിധിയിൽ സ്‌ഫോടനം നടത്താൻ ശേഷിയുളളതാണ് പിടിച്ചെടുത്ത ഗ്രനേഡുകൾ. 1993ലെ മുംബയ് സ്‌ഫോടനം. 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബയ് ആക്രമണം എന്നിവയിൽ ഈ ശ്രേണിയിൽ പെട്ട ഗ്രനേഡുകൾ ഇന്ത്യയിൽ ഉപയോഗിച്ചിട്ടുണ്ട്. ചൈനയിൽ നിർമ്മിച്ച കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുളള ഡ്രോണുകൾ ഐ.എസ്.ഐ ഉപയോഗിക്കുന്നതായും ഇവ ഇന്ത്യയിൽ ആക്രമണത്തിന് പാകിസ്ഥാൻ ഉപയോഗിക്കാനിടയുണ്ടെന്നും ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് മാസത്തിൽ ഇത്തരത്തിൽ എത്തിച്ച ആയുധങ്ങൾ ഇന്ത്യ പിടിച്ചെടുത്തിരുന്നു. ഡ്രോണുകൾ വഴി ആയുധങ്ങൾ എത്തിക്കാൻ മാത്രമല്ല നേരിട്ടുളള ആക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് മുതിർന്ന സേന അധികൃതർ കരുതുന്നു.
ബോക്‌സിൽ എത്തിച്ച ഗ്രനേഡുകൾ ഗുർദാസ്‌പൂരിലെ ധുസ്സി ബന്ദ് മേഖലയിലാണ് ഇട്ടത്. ഡ്രോൺ കണ്ട സേന വെടിവച്ചെങ്കിലും പറന്നകന്നു. തുടർന്ന് പൊലീസ് വെടിവച്ചപ്പോഴാണ് ഗ്രനേഡുകൾ സുരക്ഷാസേന പിടികൂടിയതെന്ന് മുതിർന്ന പൊലീസ് അധികൃതർ അറിയിച്ചു.