teacher

മുംബൈ : ലോകത്തെ ഏ​റ്റവും മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചത് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിംഗ് ദിസാലെയ്ക്ക് . അവാർഡ് തുക 7.2 കോടി രൂപ. തനിക്ക് കിട്ടിയ തുക തന്റെ ഒപ്പം ഫൈനലിൽ എത്തിയ 9 പേർക്കും വീതിച്ച് നൽകുമെന്ന് പുരസ്കാര വിതരണ വേദിയിൽ രഞ്ജിത് സിൻഹ് ദിസാലെ പ്രഖ്യാപിച്ചു.

140 രാജ്യങ്ങളിൽ നിന്നുള്ള 12,000 നാമനിർദ്ദേശങ്ങളിൽ നിന്നാണ് രഞ്ജിത് സിംഗ് ദിസാലെ ഒന്നാമതെത്തിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകളും പാഠപുസ്തകങ്ങളിൽ ക്യു.ആർ കോഡ് സംവിധാനം അവതരിപ്പിച്ചതുമാണ് സോലാപുർ പരിതേവാഡി ഗ്രാമത്തിൽ നിന്നുള്ള ദിസാലെയെ 10 ലക്ഷം ഡോളറിന്റെ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസിന് അർഹനാക്കിയത്. രാജ്യാന്തര വിദ്യാഭ്യാസ സംരംഭകനായ ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി സ്ഥാപിച്ച വർക്കി ഫൗണ്ടേഷനാണ് 2014 മുതൽ അവാർഡ് നൽകുന്നത്. പത്തനംതിട്ട റാന്നിയിലാണ് സണ്ണി വർക്കിയുടെ കുടുംബവേരുകൾ.

2014ലാണു പരിതേവാഡി ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിൽ ദിസാലെ എത്തിയത്. അദ്ദേഹം അവിടെ എത്തുമ്പോൾ കാര്യങ്ങൾ വളരെയധികം ശോചനീയമായ അവസ്ഥയിലായിരുന്നു. വിദ്യാർത്ഥികൾ കുറവായിരുന്നു. ഗ്രാമത്തിൽ ബാലവിവാഹവും പതിവായിരുന്നു. ഈ അവസ്ഥ മെച്ചപ്പെടുന്നതിന് അദ്ദേഹം വളരെയേറെ പരിശ്രമിച്ചു. ദിസാലെയുടെ ശ്രമത്തോടെ ഇന്ന് നാട്ടിലെ എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുകയും ബാലവിവാഹം അവസാനിക്കുകയും ചെയ്തു. പാഠങ്ങളുടെ ഓഡിയോകളും വിഡിയോകളും ക്യു.ആർ കോഡ് വഴി ലഭ്യമാക്കുന്ന രീതി മഹാരാഷ്ട്രയിൽ ആദ്യമായി പരീക്ഷിച്ചത് അദ്ദേഹമാണ്. തുടർന്ന് 2017ലാണ് വിദ്യാഭ്യാസ മന്ത്റാലയം പദ്ധതി ഏ​റ്റെടുത്തത്.