wireless

തിരുവനന്തപുരം: പൊലീസിനും എക്‌സൈസിനുമുള്ള ശക്തമായ വയർലെസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനം ഇനി മുതൽ മോട്ടോർ വാഹന വകുപ്പിനും. തങ്ങളുടെ ആദ്യത്തെ വയർലെസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനം കൊച്ചിയിൽ സ്ഥാപിക്കാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുകയാണ്.

ഇത്തരത്തിലൊരു ടെലികമ്മ്യൂണിക്കേഷൻ സംവിധാനം സ്ഥാപിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഗതാഗത വകുപ്പിന് 99.98 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌‌മെന്റ് ഓപ്പറേഷനുകൾ കൂടുതൽ ശക്തിപ്പെടും. ടെലികമ്മ്യൂണിക്കേഷൻ സംവിധാനം സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ലൈസൻസ് ആവശ്യമായതിനാൽ അതിനുള്ള ഔദ്യോഗിക അപേക്ഷയും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടുണ്ട്.

ഡി.എം.ആർ ടയർ 2
ഡിജിറ്റൽ മൊബൈൽ ടയർ 2 (ഡി.എം.ആർ ടയർ 2) എന്ന സംവിധാനമാണ് മോട്ടോർ വാഹന വകുപ്പ് വാങ്ങുന്നത്. ഈ ഡിജിറ്റൽ ടെലികമ്മ്യൂണിക്കേഷൻ പ്ളാറ്റ്ഫോം ഉപയോഗിച്ച് വോയിസും ഡാറ്റയും ഒരുപോലെ കൈകാര്യം ചെയ്യാനാകും. ഡി.എം.ആർ ഫ്രീക്വൻസി റേഞ്ച് ഉപയോഗിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്. എക്സൈസ് വകുപ്പിനുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ മോട്ടോർ വാഹന വകുപ്പും പങ്കിടുകയാണ് ചെയ്യുക. നിലവിൽ എറണാകുളം അടക്കം നാല് ജില്ലകളിൽ എക്‌സൈസ് വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം സാദ്ധ്യമാക്കിയിട്ടുണ്ട്. അതിനാലാണ് ആദ്യ വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം കൊച്ചിയിൽ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. എക്സൈസ് കൊച്ചിയിൽ സ്ഥാപിച്ച ടവറുകളായിരിക്കും മോട്ടോർ വാഹന വകുപ്പ് ഉപയോഗപ്പെടുത്തുക. നിലവിൽ സ്വകാര്യ കമ്പനികളുടെ മൊബൈൽ നെറ്റ്‌വർക്കുകളെയാണ് മോട്ടോർ വാഹന വകുപ്പ് ഉപയോഗിച്ചു വരുന്നത്. എന്നാൽ, റേഞ്ച് കുറവായ ഇടങ്ങളിൽ ഇത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്വന്തം വയർലെസ് നെറ്റ്‌വർക്ക് എന്ന ആശയത്തെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് ചിന്തിച്ചത്.

പ്രളയം പാഠമായി
2018ലെ പ്രളയ സമയത്ത് ആശയവിനിമയ മാർഗങ്ങൾ അപ്പാടെ തകരാറിലായത് ദുരന്തനിവാരണത്തിൽ വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാൻ അധികൃതരെ പ്രേരിപ്പിച്ചു. പിന്നീട് എല്ലാ ജില്ലാകളക്ടർമാർക്കും സാറ്റ്ലൈറ്റ് ഫോണുകൾ നൽകിയിരുന്നു. ഡാമുകളിലെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും സാറ്റ്‌ലൈറ്റ് ഫോണുകൾ നൽകി. റവന്യൂ വകുപ്പ് നേരത്തെ വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം വാങ്ങിയിരുന്നെങ്കിലും പല കാരണങ്ങളാൽ അത് പൂർണതോതിൽ പ്രവർത്തനക്ഷമമല്ല.

നിലവിൽ പൊലീസിനാണ് ഏറ്റവും ഫലപ്രദമായ ടെലി കമ്മ്യൂണിക്കേഷൻ സംവിധാനമുള്ളത്. കുറഞ്ഞ ബാൻഡിലുള്ള വെരി ഹൈ ഫ്രീക്വൻസി (വി.എച്ച്.എഫ്)യിൽ പ്രവർത്തിക്കുന്ന ട്രങ്ക് ലൈൻ സംവിധാനം അവരുടെ സവിശേഷതയാണ്. ജില്ലാ കൺട്രോൾ റൂമുകളിൽ വി.എച്ച്.എഫ് കൂടാതെ അൾട്രാ ഹൈ ഫ്രീക്വൻസി (യു.എച്ച്.എഫ്), ഇൻട്രാനെറ്റ് കംപ്യൂട്ടർ നെറ്റ്‌വർക്ക് (സി.ഒ.ബി), സാറ്റ‌ലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനമായ പോൾനെറ്റ്, സിഗ്നലുകളെ ടെക്‌സ്റ്റ് സന്ദേശങ്ങളായി അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന (മോഴ്സ് കോഡ്) ഹൈ ഫ്രീക്വൻസി സംവിധാനം എന്നിവയും പൊലീസിനുണ്ട്.