
കാസർകോട് :പരോൾ കാലാവധി തീരുന്നതിനുമുമ്പ് ജയിലിൽ തിരിച്ചെത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് തടവുകാരുടെ കത്ത്.വൈറസ് ബാധയുമായി ബന്ധപ്പെട്ട് അനുവദിച്ച സ്പെഷ്യൽ പരോൾ ലഭിച്ച ചീമേനി ജയിലിലെ തടവുകാരാണ് സ്വാതന്ത്ര്യം മതിയായെന്നും ജയിലിൽ തിരികെയെത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഇതിൽ രണ്ടുപേർ ഇതിനകം ജയിലിൽ തിരിച്ചെത്തിയിട്ടുണ്ട്. ജീവിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് കത്തയച്ചതെന്നാണ് ഇവർ പറയുന്നത്. തുറന്ന ജയിലിൽ സ്ഥിരം ജാേലിയും നല്ല കൂലിയും ലഭിക്കും. ഒപ്പം മറ്റുജയിലുകളിൽ നിന്ന് വ്യത്യസ്തമായി നല്ല അന്തരീക്ഷവുമാണ് തുറന്ന ജയിലിലുളളത്. ഇതാണ് മടങ്ങിവരാൻ തടവുകാർക്ക് പ്രചോദനമാകുന്നത്.
ചീമേനിയിലെ തുറന്ന ജയിലിൽ 230 തടവുകാരിലേറെയാണ് ഉളളത്. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ശിക്ഷലഭിച്ചവരാണ് ഇതിൽ കൂടുതലും. ഇതിൽ 10പേരൊഴികെയുളളവരെ സ്പെഷ്യൽ പരോളിൽ വിട്ടിരുന്നു. ഇപ്രകാരം പരോൾ ലഭിച്ചതിൽ 23പേർ ജയിലിൽ തിരിച്ചെത്തി. രണ്ടാമത്തെ സംഘത്തിൽപ്പെട്ട157പേരാണ് ഇപ്പോൾ പുറത്തുനിൽക്കുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണിത്. വൈറസ് ബാധയുമായി ബന്ധപ്പെട്ട പരോൾ നീട്ടണമെന്നാവശ്യപ്പെട്ട‌് ചിലർ കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് പരോളിൽ പോയവരെ നിർബന്ധിച്ച് തിരികെ വിളിക്കരുതെന്ന ഉത്തരവും ജയിലിൽ എത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.