kollam

കോർപ്പറേഷൻ മേയർ ആരാകുമെന്നാണ് കൊല്ലം നിവാസികൾ ഉറ്റുനോക്കുന്നത്. 2000 ൽ കോർപ്പറേഷൻ രൂപീകരിച്ച ശേഷം നടന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പിലും തകർപ്പൻ വിജയമാണ് എൽ.ഡി.എഫ് നേടിയത്. 55 അംഗ കൗൺസിലിൽ ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായ 29 സീറ്റുകൾ നേടിയ സി.പി.എമ്മിന് ഇത് അഭിമാനത്തിന്റെ വിജയം കൂടിയാണ്. ആകെ 39 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. കഴിഞ്ഞ കൗൺസിലിലെ 37 സീറ്റുകളിൽ നിന്നാണ് ഇക്കുറി 39 ലെത്തിയത്. തകർപ്പൻ വിജയം ആവർത്തിച്ച കോർപ്പറേഷന് പുതുമുഖമായ ഒരു യുവവനിതാ മേയറെ ലഭിക്കുമെന്നാണ് കൊല്ലം നിവാസികൾ പ്രതീക്ഷിച്ചതെങ്കിലും ആ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്. മുൻ മേയറും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പ്രസന്ന ഏണസ്റ്റ് രണ്ടാംതവണ മേയറാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തിരുമുല്ലവാരം ഡിവിഷനിൽ നിന്ന് വിജയിച്ച പുതുമുഖവും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ യു.പവിത്രയെ മേയറാക്കാൻ ജില്ലാ സെക്രട്ടറി എസ്.സുദേവനടക്കമുള്ളവർക്ക് താത്പര്യമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റംഗമായ കെ.എൻ ബാലഗോപാലടക്കമുള്ളവർക്കും പവിത്രയെ മേയറാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങൾ പ്രസന്ന ഏണസ്റ്റിന് അനുകൂലമായി നിലയുറപ്പിച്ചതോടെയാണ് പവിത്രയുടെ സാദ്ധ്യത മങ്ങിയത്. പ്രസന്ന ഏണസ്റ്റിനെതിരായി ഹൈക്കോടതിയിൽ നിലവിലുള്ള കേസ് ചില സെക്രട്ടേറിയറ്റംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും ഭൂരിപക്ഷ തീരുമാനത്തിൽ അത് മുങ്ങിപ്പോയി.

ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട പ്രസന്ന ഏണസ്റ്റ് മേയറായാൽ അടുത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ക്രൈസ്തവ വോട്ടുകൾ അനുകൂലമാക്കാമെന്ന വിചിത്ര ന്യായമാണ് അവർക്ക് വേണ്ടി വാദിച്ചവർ ഉന്നയിച്ചതതെന്നാണ് വിവരം. കോർപ്പറേഷൻ രൂപീകരിച്ചത് മുതൽ തുടർച്ചയായി അഞ്ചാം തവണയും കോളേജ് ഡിവിഷനിൽ നിന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച ഗീതാകുമാരിയെ മേയറാക്കണമെന്ന പൊതുവികാരവും പാർട്ടി പരിഗണിച്ചില്ല. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയായ ഗീതാകുമാരിക്ക് വേണ്ടി ശക്തമായി വാദിക്കാൻ പാർട്ടിയിൽ ആരുമില്ലെന്നതാണ് അവ‌ർക്ക് പ്രതികൂല ഘടകമാകുന്നത്. സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർമാരെ നിശ്ചയിക്കുന്നതിൽ സാമുദായിക സമവാക്യങ്ങൾ സി.പി.എം പരിഗണിക്കാറുണ്ടെങ്കിലും കൊല്ലം കോർപ്പറേഷന്റെ കാര്യത്തിൽ ഇനി സംസ്ഥാന നേതൃത്വത്തിൽ നിന്ന് എന്തെങ്കിലും ഇടപെടലുണ്ടായാലേ മറിച്ചൊരു തീരുമാനം ഉണ്ടാകാൻ വഴിയുള്ളൂ. കോഴിക്കോട്, തൃശൂർ കോർപ്പറേഷനുകിലും ക്രൈസ്തവ സമുദായത്തിൽപ്പെട്ടവരെയാണ് മേയറാക്കുന്നത്. നിലവിലെ സ്ഥിതി വച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രമാകും ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള മേയർ .

പോസ്റ്റർ വിപ്ലവവും കോൺഗ്രസിലെ തമ്മിലടിയും

വിപ്ലവം പോസ്റ്ററിലൂടെയും ആകാമെന്നാണ് കൊല്ലത്തെ കോൺഗ്രസുകാർ പറയുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജില്ലാ കോൺഗ്രസിൽ ആരംഭിച്ച വിഴുപ്പലക്കൽ, നേതാക്കൾക്കെതിരെ പോസ്റ്റർ വിപ്ലവത്തിൽ വരെ എത്തി നിൽക്കുകയാണ്. വിഴുപ്പലക്കലും പോസ്റ്റർ യുദ്ധവും അതിരുവിട്ടതോടെ കെ.പി.സി.സി നേതൃത്വം ഇടപെട്ട് പരസ്യപ്രസ്താവനകൾക്കും വിഴുപ്പലക്കലിനും വിലക്കേർപ്പെടുത്തി. തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കെതിരെയായിരുന്നു ആദ്യം നഗരത്തിൽ പോസ്റ്റർ പതിച്ചത്. തുടർന്ന് ജില്ലയിൽ നിന്നുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ ഡി.സി.സി പ്രസിഡന്റുമായ ശൂരനാട് രാജശേഖരനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇതിനു പിന്നിൽ ആരെന്നതിൽ ജില്ലാ കോൺഗ്രസിൽ ആർക്കും വ്യത്യസ്‌ത അഭിപ്രായമില്ല. വരുന്ന അസംബ്ളി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചില നേതാക്കൾക്കാണ് തിരഞ്ഞെടുപ്പ് ഫലം ഇരുട്ടടിയായത്. എന്നാൽ ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം മൊത്തത്തിൽ അവലോകനം നടത്തിയാൽ യു.ഡി.എഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും വലിയ പരിക്കേറ്റില്ലെന്നാണ് വിലയിരുത്തൽ. വൻ വിജയത്തിനിടെ ഇടതുമുന്നണിക്കും ചിലയിടങ്ങളിൽ കാര്യമായ തിരിച്ചടിയേറ്റു.

ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളിൽ 57 എണ്ണമുണ്ടായിരുന്ന ഇടതുമുന്നണിക്ക് ഇക്കുറി 44 ആയി കുറഞ്ഞു. 11 ബ്ളോക്ക് പഞ്ചായത്തുകളിൽ ഒരെണ്ണം നഷ്ടമായി. ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷൻ, ചവറ ബ്ളോക്ക് പഞ്ചായത്ത്, ചവറയിലെ ഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകൾ എന്നിവ യു.ഡി.എഫിനാണ് ലഭിച്ചത്. 11 അസംബ്ളി മണ്ഡലങ്ങളും എൽ.ഡി.എഫിനായിരുന്നെങ്കിൽ ഈ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ചവറ എൽ.ഡി.എഫിന് നഷ്ടപ്പെട്ടെന്നാണ്. യു.ഡി.എഫിന് ഇവിടെയൊക്കെ ആശ്വാസത്തിന് വകയുണ്ടെങ്കിലും കൊല്ലം കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലുമാണ് ദയനീയമായി പിന്നിലേക്ക് പോയത്. കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസ് ഒൻപതിൽ നിന്ന് ആറായി ചുരുങ്ങി. ബി.ജെ.പിക്കും ആറ് സീറ്റുകളാണുള്ളത്. പരവൂർ നഗരസഭാ ഭരണം എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.

നേട്ടവുമായി എൻ.ഡി.എ സഖ്യം

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യമാണ് ജില്ലയിൽ കാര്യമായ മുന്നേറ്റം നടത്തിയത്. കൊല്ലം കോർപ്പറേഷനിൽ രണ്ട് സീറ്റിൽ നിന്ന് ആറായി ഉയർത്തി കോൺഗ്രസിനൊപ്പമെത്തി. 14 ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്താണ്. വോട്ട് ശതമാനത്തിലും കാര്യമായ വർദ്ധനവുണ്ടാക്കി. കോർപ്പറേഷനിൽ 18.86 ശതമാനത്തിൽ നിന്ന് 22.02 ശതമാനമായി എൻ.ഡി.എ വോട്ടുവിഹിതം ഉയർന്നു. എൽ.ഡി.എഫ് വോട്ടുവിഹിതം 39.52 ശതമാനത്തിൽ നിന്ന് 41.75 ആയി ഉയർന്നപ്പോൾ യു.ഡി.എഫിന്റേത് 32.46 ൽ നിന്ന് 30.38 ശതമാനമായി കുറയുകയും ചെയ്തു.

ജില്ലയിൽ ബി.ജെ.പി ജനപ്രതിനിധികളുടെ എണ്ണം 86 ൽ നിന്ന് 176 ആയി ഉയർന്നു. 151 ഗ്രാമപ്പഞ്ചാത്തംഗങ്ങളും 13 നഗരസഭാ അംഗങ്ങളും വിജയിച്ചു. കൊല്ലം കോർപ്പറേഷനിലെ ആറംഗങ്ങൾ കൂടാതെ കൊട്ടാരക്കരയിൽ അഞ്ച് പേരും പരവൂർ, കരുനാഗപ്പള്ളി നഗരസഭകളിൽ നാല് പേർ വീതവും വിജയിച്ചു. കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും കല്ലുവാതുക്കൽ, നെടുവത്തൂർ പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ചിറ്റുമല ബ്ളോക്കിലെ പെരിനാട്, ഇത്തിക്കര ബ്ളോക്കിലെ മീനമ്പലം ഡിവിഷനിലും ബി.ജെ.പി വിജയിച്ചു. ജില്ലാപ്പഞ്ചായത്ത് കല്ലുവാതുക്കൽ, പെരിനാട് ഡിവിഷനുകളിൽ രണ്ടാമതെത്തിയതും ബി.ജെ.പിയുടെ വോട്ടുവിഹിതം ഗണ്യമായി ഉയരുന്നുവെന്നതിന് തെളിവാണ്. 39 ഗ്രാമ പഞ്ചായത്തുകളിലായി 79 പ്രതിനിധികളാണ് 2015 ൽ ബി.ജെ.പിക്കുണ്ടായിരുന്നതെങ്കിൽ 2010 ൽ വെറും 23 പ്രതിനിധികൾ മാത്രമായിരുന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.