
യാത്രകൾ വിനോദത്തിനു മാത്രമല്ല, വിജ്ഞാനത്തിനും കൂടിയാണെന്ന ചിന്താധാര കേരളത്തിൽ വേരോടിയത് ജ്ഞാനപീഠ ജേതാവ് എസ്. കെ. പൊറ്റെക്കാടിന്റെ 'പാതിരാസൂര്യന്റെ നാട്ടിൽ" എന്ന യാത്രാവിവരണ ഗ്രന്ഥം 1956ൽ അച്ചടിക്കപ്പെട്ടതിനു ശേഷമാണ്. ഭൂമിയുടെ വടക്ക് ജനവാസമുളള അവസാനത്തെ രാജ്യമായ ഫിൻലൻഡിലെ അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങളാണ് മലയാളികളെ വിജ്ഞാനം തേടിയുള്ള ലോകസഞ്ചാരങ്ങൾക്ക് പരക്കെ പ്രോത്സാഹിപ്പിച്ചത്. മുപ്പതിലേറെ വിദേശരാജ്യങ്ങളിലേക്ക് താൻ യാത്രപോയത് വിനോദത്തിലേറെ വിജ്ഞാനം തേടിയായിരുന്നെന്ന് തൃശൂർ അമലാ ഇൻസ്റ്റിസ്റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹരികൃഷ്ണൻ പറയുമ്പോൾ ആ യാത്രകൾ നൽകിയ അനുഭവം അത്രയുണ്ട്. വിജ്ഞാനകാംക്ഷിയായ ഒരു യാത്രികന് സർവപ്രധാനമായി ഉണ്ടായിരിക്കേണ്ടത് ഗ്രഹണശക്തിയും ഉൾക്കാഴ്ചയുമാണെന്ന് ബോദ്ധ്യപ്പെടണമെങ്കിൽ ഡോ. ഹരികൃഷ്ണനോട് സംസാരിക്കണം. 
യൂറോപ്പിലും, അമേരിക്കയിലും, ആസ്ട്രേലിയയിലും, ഏഷ്യയിലും, ആഫ്രിക്കയിലും ഡോ. ഹരികൃഷ്ണൻ നടത്തിയ ഓരോ യാത്രയും ഓരോ ചരിത്രശാസ്ത്രീയ ഗവേഷണമായിരുന്നെന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ശരി. ഇതാ ആ അനുഭവങ്ങൾ.
എലിയറ്റിന്റെ വേരുകൾ
തേടി ഇംഗ്ലണ്ടിൽ
നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ആംഗ്ലോ അമേരിക്കൻ കവിയായി അറിയപ്പെടുന്ന ടി. എസ്. എലിയറ്റിന്റെ വേരുകൾ തേടിയാണ് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് കോക്കർ ഗ്രാമത്തിൽ പോയത്. ലണ്ടനിലെ പ്രശസ്ത വാരികയായിരുന്ന 'ന്യൂ ഇംഗ്ലീഷ് വീക്കിലി" 1940ൽ പ്രസിദ്ധീകരിച്ച എലിയറ്റിന്റെ രണ്ടാമത്തെ കവിതയുടെ പേരുതന്നെ 'ഈസ്റ്റ് കോക്കർ" എന്നാണ്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കയിലേക്ക് കുടിയേറുന്നതുവരെയുള്ള എലിയറ്റ് കുടുംബചരിത്രം തീക്ഷ്ണമായി സ്വാധീനിച്ച കോക്കർ കാവ്യത്തിന്റെ സെന്റ് മൈക്കിൾസ് ചർച്ചിലാണ് എലിയറ്റിന്റെ ശവകുടീരമുള്ളത്. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിനെ നടുക്കിയ പ്ലേഗ് ബാധയിൽ ( ബ്ളാക്ക്ഡത്ത്) മരണമടഞ്ഞവരുടെ തുരുതുരെ പാകിയ സ്മാരകശിലകൾക്കിടയിലൂടെ നടന്ന് ആ നോഹരമായ ക്രിസ്തീയ ദേവാലയത്തിൽ ഞാൻ പ്രവേശിച്ചത് മഹാകവി അന്ത്യവിശ്രമം കൊള്ളുന്ന ഇടം ഒരുനോക്കു കാണുവാനായിരുന്നു. ശാസ്ത്രത്തോടുള്ള അമിതാവേശത്താൽ മനുഷ്യൻ ആത്മീയത മറന്നെന്ന് ഓർമ്മിപ്പിക്കുന്ന ഏറെ ജനശ്രദ്ധയാകർഷിച്ച മഹാകാവ്യത്തിലെ സൂക്തം, 'In my end is my beginning" അവിടെ കൊത്തിവച്ചിരുന്നു!"

വെള്ളക്കാരന്റെ മുതുമുത്തച്ഛൻ 
കറുകറുപ്പനോ?
പൊതുഗവേഷണ കേന്ദ്രമായ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തലറിഞ്ഞ് ആശ്ചര്യപ്പെടാത്തവരുണ്ടോ? തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടി ലെ സോമർസെറ്റ് കൗണ്ടിയിലുള്ള ചെഡ്ഡാർ ഗ്രാമത്തിൽനിന്നു ലഭിച്ച ബ്രിട്ടനിലെ ഏറ്റവും പുരാതനമായ മാനവഅസ്ഥികൂടം പരിശോധിച്ച്, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ആദിമവെള്ളക്കാരന്റെ മുഖം പുനർനിർമിച്ചപ്പോൾ, അദ്ദേഹത്തിന് കറുത്ത തൊലിയും കറുത്തു ചുരുണ്ട മുടിയും. ഉരുക്കിയ സ്വർണം പോലുള്ള ശരീരവർണത്തിലും ബ്ലോൺഡ് കോലൻ തലമുടിയിലും അഭിമാനം കൊള്ളുന്നവർ തങ്ങളുടെ കാരണവർ ഇത്തരക്കാരനാകുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ലോകപ്രശസ്തമായ ചെഡ്ഡാർ ചീസിന്റെ ഉറവിടഗ്രാമം പ്രകൃതിഭംഗിയോടും അതിന്റെ അമ്പരപ്പിക്കുന്ന എല്ലാ നിഗൂഢതകളോടുംകൂടി ഞങ്ങൾ അവിടെ കണ്ടു. 10,000 വർഷം പഴക്കമുള്ള ചെഡ്ഡാർ മനുഷ്യന്റെ പൂർണരൂപത്തിലുള്ള അസ്ഥികൂടം കണ്ടെത്തിയ ഗഫ്സ് ഗുഹയൊന്നു കാണാൻ എന്നെപ്പോലെത്തന്നെ പത്നി ഡോ. വല്ലികയ്ക്കും പുത്രിമാരായ ആരതി കൃഷ്ണയ്ക്കും അനന്യാകൃഷ്ണയ്ക്കും വലിയ അഭിനിവേശമായിരുന്നു. 1903ൽ കണ്ടെത്തിയ പുരാതനമനുഷ്യന്റെ അവശിഷ്ടം, ജനിതക പരിശോധനകൾക്കായി പിന്നീട് ഗുഹയിൽനിന്ന് ലണ്ടനിലേക്കു കൊണ്ടുപോയെങ്കിലും, സന്ദർശകരുടെ ആകാംക്ഷ മാനിച്ചുകൊണ്ട് ഒരു മാതൃകാ അസ്ഥിപഞ്ചരം യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്.
അർമേനിയയിലെ ഭൂഗർഭ തടവറയിൽ
കരിങ്കടലിനടുത്തുള്ള അർമേനിയയിലെ 'ഖോർ വിരാപ്പ്" എന്ന പുരാതന മോണസ്ട്രിയിലെ കാരാഗൃഹ ഇരുട്ടറയിലേക്കാണ് പുറജാതീയത ഉപേക്ഷിച്ച് പുതുതായെത്തിയ ക്രിസ്തുമതം സ്വീകരിച്ച അപരാധത്തിനാണ് ഗ്രിഗർ ലൂസവോറിച്ചിനെ ടിറിഡേറ്റ്സ് മൂന്നാമൻ രാജാവ് എറിഞ്ഞത്. 'ഖോർ വിരാപ്പ്" എന്നാൽ അഗാധമായ തുറുങ്ക് എന്നാണ് അർമേനിയൻ ഭാഷയിൽ അർത്ഥം. നിഷ്ഠൂരമായ പീഡനമുറകൾക്ക് കുപ്രസിദ്ധി നേടിയ ഈ തടവ് കുഴിയിലേക്ക് എറിയപ്പെട്ടവർ തിരിച്ചെത്തുക പതിവല്ല. ചീഞ്ഞളിഞ്ഞ മനുഷ്യമാംസത്തിന്റെ ദുർഗന്ധവും പാമ്പുകളും മറ്റു ക്ഷുദ്രജീവികളുമാണവിടെ. CE 301-ൽ അർമേനിയയെ ലോകത്തെ പ്രഥമ ക്രിസ്തുമത രാജ്യമാക്കി മാറ്റിയ സെന്റ് ഗ്രിഗർ ദി ഇല്ല്യൂമിനേറ്റർ 13 വർഷം കഴിച്ചുകൂട്ടിയ ആ ഭയവിഹ്വലമായ ഗർത്തത്തിലേക്ക് 27 പടികളുള്ള ഇരുമ്പു കോണിവഴി ഞാനുമൊന്ന് ഇറങ്ങി നോക്കി. ഖോർ വിരാപ്പിൽനിന്ന് കയറിവന്ന് ഞാൻ നോക്കിനിന്നത് തൊട്ടുകിടക്കുന്ന അരരാത്ത് പർവതമാണ്. 17,000 അടിയോളം ഉയരമുള്ള ഈ ഹിമമലയുടെ അത്യാകർഷകമായ ദൃശ്യം, തടവ് കുഴി അടിച്ചേൽപിച്ച തിക്തചിന്തകളിൽനിന്ന് എനിക്കൽപ്പം മോചനം നൽകി.
ആമിഷുകളുടെ ഗ്രാമത്തിൽ
ഏറ്റവും കൂടുതൽ ശാസ്ത്രപുരോഗതി കൈവരിച്ച അമേരിക്കയിൽ, ആധുനിക സൗകര്യങ്ങളും, പരിഷ്കാരങ്ങളും പാടെ ഉപേക്ഷിച്ച് സ്വൈരജീവിതം നയിക്കുന്നൊരു മനുഷ്യസമൂഹം ഉണ്ടെന്നറിഞ്ഞപ്പോഴാണ് പെൻസൽവേനിയയിലെ ലങ്കാസ്റ്റർ കൗണ്ടിയിലുള്ള ആമിഷ് ഗ്രാമത്തിലേക്കുപോയത്. അരുവികളും തടിപ്പാലങ്ങളും കുതിരവണ്ടികളും, ഗോതമ്പിന്റെയും ചോളത്തിന്റെയും കൃഷിപ്പാടങ്ങളുമാണ് അവിടെ. പ്രകൃതിസൗഹൃദം എന്നതിന്റെ അർത്ഥമെന്തെന്ന് ഇവിടെ കണ്ടറിയാം. ഈ ഗ്രാമത്തിൽ ജീവിക്കുന്നവർക്ക് വിനയവും സഹിഷ്ണുതയുമുണ്ടായത് സ്വാഭാവികം! എന്നാൽ അമേരിക്കയാണെന്നു കരുതി വെളുവെളുത്ത പെണ്ണുങ്ങളെ ഫോട്ടോ എടുക്കാൻ ശ്രമിക്കല്ലേ, മെന്നോനൈറ്റുകളായ അവർക്കത് ഇഷ്ടമല്ല.
നൈൽ നദിയിലെ യൂറോളജി ജിജ്ഞാസ
പിരമിഡുകളും സ്ഫിംഗ്സും ഈജിപ്തിലെ ഉജ്ജ്വലമായ ദൃശ്യവിഷയങ്ങളായിരുന്നുവെങ്കിലും, നൈൽ നദിയിലെ പാരസെറ്റിക് വിരകളെക്കുറിച്ചും അവ പരത്തുന്ന ഷിസ്റ്റോസോമയാസിസ് എന്ന മാരക രോഗത്തെക്കുറിച്ചുമായിരുന്നു, ഒരു യൂറോളജിസ്റ്റ് എന്ന നിലയിൽ, ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. ലോകത്തെ ഏറ്റവും നീളം കൂടിയ നദിയുടെ മനോഹാരിത ആസ്വദിക്കുന്നതോടൊപ്പം, ആ ജലത്തിൽ ഒളിഞ്ഞുകിടക്കുന്ന അപായവും ഒരു സഞ്ചാരി അറിഞ്ഞിരിക്കണമല്ലോ. നൈലിൽ കാലെടുത്തുവെക്കുന്ന ഏതൊരാളും ഈ അപകടകാരിയായ വിരയുടെ ഇരയാണ്. ഈ കൃമി ശരീരത്തിൽ പ്രവേശിച്ചാൽ മൂത്രാശയ അർബുദമാണ് ഫലം. ആയതിനാൽ, ഷിസ്റ്റോസോമയാസിസ് ബാധിച്ച ഏറ്റവുമധികം ഹതഭാഗ്യരുള്ളതും ഈജിപ്തിലാണ്. സ്വാഭാവികമായും ഈ രോഗചികിത്സയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ലോകരാഷ്ട്രവും ഈജിപ്ത് തന്നെയാണ്. നൈൽ ദർശനത്തിനൊടുവിൽ, അതിന്റെ ഡെൽറ്റയിലുള്ള യൂറോളജി നെഫ്രോളജി സെന്ററിലെ ലോകപ്രശസ്തരായ മൂത്രാശയരോഗ വിദഗ്ദ്ധരെ നേരിൽ കണ്ട് സംസാരിച്ചു.
ക്രൂഗർ മഹാരണ്യത്തിൽ
വടക്കുകിഴക്കൻ ദക്ഷിണാഫ്രിക്കയിൽ ഏകദേശം 20,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന ഈ കാനനത്തിലാണ് ലോകത്തെ ഏറ്റവും വലിയതും ഭാരമേറിയതും പൊക്കമുള്ളതും വേഗതയേറിയതുമായ അപൂർവ്വ മൃഗങ്ങളുള്ളത്. ജംഗിൾ സഫാരിക്കിടയിൽ കണ്ടുമുട്ടുന്ന ഭൂമിയിലെ ഏറ്റവും ഭാരമേറിയ മൃഗമായ ആഫ്രിക്കൻ ആന മുതൽ വിസ്മയരൂപിയായ പടുകൂറ്റൻ വെള്ള കണ്ടാമൃഗം വരെയുള്ളവ യാത്രികർക്ക് തരുന്ന ധാരണ ഒന്നു മാത്രം. ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക തന്നെയാണ് ആദിമമനുഷ്യന്റെ കളിത്തൊട്ടിൽ. കാടിനോട് അത്രയടുത്തു ഇടപഴകി പരിചയമില്ലാത്ത ഞാൻ കുടുംബസമേതം ഒരു ഒറ്റയാന്റെയും ഒരു സിംഹത്തിന്റെയും ഇടയിൽപെട്ട് ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴുമെന്റെ കൈകാലുകൾ വിറയ്ക്കുന്നു. തലയെടുപ്പിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വെല്ലുന്നൊരു കാട്ടുകൊമ്പൻ ഭൂമി കുലുക്കി എത്തിയപ്പോൾ നേരെ മുന്നിലേക്കു ചാടി ഫോട്ടോഗ്രാഫി പ്രിയനായ ഞാനെടുത്തൊരു പടം ഒരു സമ്മാനം നേടിത്തന്നെങ്കിലും, പരിചയസമ്പന്നനായ ഗൈഡിന്റെ സമയോചിതമായ മിന്നൽ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇതു പറയാൻ ഞാനിവിടെ കാണുമായിരുന്നില്ല.

തലയോട്ടികൾ നിറഞ്ഞ നാട്ടിൽ
മനുഷ്യന്റെ ക്രൂരത അറിയാൻ കംബോഡിയ വരെ പോകേണ്ടതില്ലെങ്കിലും, ഒരു മനുഷ്യന് എത്രത്തോളം ക്രൂരനാകാൻ കഴിയുമെന്ന് നേരിൽ കാണണമെങ്കിൽ അവിടെതന്നെ പോകണം. ഗ്രാമങ്ങളിൽപോയി കൃഷി ചെയ്യാൻ വൈമനസ്യം കാണിച്ച കുറ്റത്തിന് പോൾ പോട്ട് എന്ന ഭരണാധിപൻ 1976 മുതൽ 79 വരെയുള്ള ചുരുങ്ങിയ കാലത്ത് കൊന്നുകൂട്ടിയത് 20 ലക്ഷത്തിൽപരം സാധാരണ മനുഷ്യരെയാണ്. വെടിയുണ്ടകൾ തീർന്നപ്പോൾ, അവിടെ സുലഭമായി ലഭിക്കുന്ന കൂർത്ത മുള്ളുകളുള്ള പന മടലുകൾ ഉപയോഗിച്ച് കഴുത്ത് ഈർന്നു മുറിച്ചു. കുട്ടികളെ കാലിൽ തൂക്കി മരത്തിൽ അടിച്ചു തല തകർത്തു കൊന്നു. ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ തോന്നിയ ഇടത്തൊക്കെ കുഴിച്ചിട്ടു. ''എന്ത് ആവശ്യത്തിന് നിലം കുത്തിയാലും തലയോടുകൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു.""പോൾ പോട്ടിന്റെ ക്രൂരതയിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ഒരാൾ എന്നോടു പറഞ്ഞു. ഏഴു നിലയുള്ള കൂട്ടക്കൊല മ്യൂസിയത്തിൽ (The Killing Fields Museum of Cambodia) ) പ്രദർശിപ്പിച്ചിരിക്കുന്ന തലയോട് ബാഹുല്യത്തിലേയ്ക്ക് നിർവികാരനായി ഒന്നു കണ്ണോടിച്ച ഞാൻ, സഹയാത്രികയായ പത്നിയോട് അറിയാതെ ചോദിച്ചുപോയി, ക്രൂരതയെ വിശേഷിപ്പിക്കാൻ spine-chilling എന്നതിനേക്കാൾ തീക്ഷ്ണമായൊരു പദമുണ്ടോയെന്ന്!
വിയറ്റ്നാമിലെ 
കുചീ തുരങ്കത്തിൽ
ഇരുപതുവർഷം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ വൻശക്തിയായ അമേരിക്കയെ ഉത്തര വിയറ്റ്നാം പോരാളികൾ പരാജയപ്പെടുത്തിയത് കുചീ തുരങ്കം കേന്ദ്രീകരിച്ചു നടത്തിയ ഗറില്ലാ മുറയിലുള്ള പോരാട്ടമായിരുന്നു. കുചീ ജില്ലയുടെ ഭൂഗർഭമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന ടണലുകളുടെ ബൃഹദ് ശൃംഖലയാണിത്. അറുപതിനായിരത്തോളം അമേരിക്കൻ സൈനികരുടെ ജീവൻ കവർന്നത് ഇവിടെ ഒളിച്ചിരുന്നുകൊണ്ട് അവർ നടത്തിയ മിന്നൽ പോരാട്ടങ്ങളായിരുന്നു. ദക്ഷിണ വിയറ്റ്നാമിനെ പിന്തുണക്കാനെത്തിയ അമേരിക്ക ലക്ഷ്യം കാണാതെ പിൻവാങ്ങുകയാണുണ്ടായത്. ലോകചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ഈ ഒളിപ്പോർ സങ്കേതത്തിലൂടെ, അതിന്റെ ഇടത്തും വലത്തുമുള്ള രഹസ്യ അറകളിലേക്കു കണ്ണോടിച്ച്, നടന്നുനീങ്ങുമ്പോൾ എന്റെ ഉള്ളിൽ മിന്നിമറഞ്ഞത് 'might is right" എന്ന ആധിപത്യ മനഃസ്ഥിതിയുടെ വ്യർത്ഥതയാണ്!
ആസ്ട്രേലിയയിലെ പെൻഗ്വിനും ചൈനയിലെ വന്മതിലും ആസ്ട്രേലിയയിൽ പോകുന്നെങ്കിൽ മെൽബൺ നഗരത്തിനടുത്തുള്ള ഫിലിപ് ദ്വീപും മറക്കരുതേ. പെൻഗ്വിനുകൾ കൂട്ടംകൂട്ടമായി അന്നത്തെ കടൽവാസം അവസാനിപ്പിച്ച് കരയ്ക്കണയുന്ന ആ ദൃശ്യം ഒരു സഞ്ചാരിക്കും മറക്കാനാവില്ല. സന്ധ്യയിൽ കുണുങ്ങിക്കുണുങ്ങിയുള്ള ആ കരയേറ്റം അത്രമേൽ ഹൃദയഹാരിയാണ്. മനസിന് കുളിരുകോരുന്ന മറ്റൊരു കാഴ്ചയാണ് 21,196 കി.മീ നീണ്ടുകിടക്കുന്ന ചൈനയിലെ വൻമതിൽ. മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്ന്. ഒരു ലോകസഞ്ചാരിയുടെ പട്ടിക ദശലക്ഷക്കണക്കിനാളുകൾ രാപ്പകൽ പണിയെടുത്തു തീർത്ത ഈ കോട്ട പോലുള്ള ഭിത്തിയില്ലാതെ പൂർണമാകുമോ?