
കോട്ടയം: മരണ വീടുകളിൽ കയറി സ്വർണവും പണവും കവർച്ച നടത്തുന്നത് സ്ഥിരം തൊഴിലാക്കിയ വിരുതൻ അറസ്റ്റിൽ. അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടിൽ മോഷണം നടന്ന കേസിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്  പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ചക്കര എന്നുവിളിക്കുന്ന ഫ്രാൻസിനെ (38) അറസ്റ്റ് ചെയ്തത്.  
പത്രവാർത്ത നോക്കി മരണവീടുകളിൽ പരിചിതനെ പോലെ കയറിച്ചെല്ലുകയും ബന്ധുക്കൾ മാറുന്ന സമയത്ത് മോഷണം നടത്തി കടന്നു കളയുകയായിരുന്നു ഇയാളുടെ കവർച്ചാസ്റ്റൈൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതിരമ്പുഴയിൽ നിന്നും കവർന്ന സ്വർണാഭരണങ്ങൾ കോട്ടയത്തെ ഒരു ജ്വല്ലറിയിൽ  വിൽപന നടത്തിയിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്. എച്ച്. ഒ. രാജേഷ് കുമാർ, എസ്.ഐ മാരായ ദീപക്, ഷാജിമോൻ, എ.എസ്.ഐ മാരായ പ്രദീപ്, തോമസ് ടി.വി, സി.പി.ഒ മാരായ സാബു മാത്യു, സ്മിജിത്ത് വാസവൻ, രാജേഷ് ടി.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.