
റോം : ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും ഭീതി പടർത്തി ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയമാണ് തങ്ങളുടെ ഒരു പൗരനിൽ ബ്രിട്ടനിൽ കണ്ടെത്തിയ ജനിക മാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
രോഗം സ്ഥിരീകരിച്ചിരിക്കുന്ന ഇറ്റാലിയൻ പൗരൻ തന്റെ പങ്കാളിയ്ക്കൊപ്പം ഏതാനും ദിവസം മുമ്പ് ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയതാണ്. റോമിലെ ഫ്യുമിചീനോ എയർപോർട്ടിലാണ് ഇയാൾ ബ്രിട്ടനിൽ നിന്നും വിമാനമാർഗം എത്തിയത്. ഇദ്ദേഹത്തെ ഇപ്പോൾ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രിട്ടന്റെ അയൽരാജ്യങ്ങൾ വൈറസ് ഭീതിയിൽ തങ്ങളുടെ അതിർത്തികളിൽ കർശന സുരക്ഷ ഏർപ്പെടുത്തുകയും ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനിതക മാറ്റം വന്ന വൈറസ് വേഗത്തിൽ വ്യാപിക്കുന്നതും തീവ്രത കൂടിയതുമാണ്.