
ഹിമാലയം സ്വപ്നസന്നിഭമായ ഒരു അനുഭവമാണ്. ഹിമ മകുടം പേറി നിൽക്കുന്ന അസംഖ്യം ഗിരിശൃംഗങ്ങൾക്കിടയിലെ നിന്മോന്നതങ്ങളിൽ വെള്ളിച്ചാലുകൾ വിളക്കിച്ചേർത്ത് പ്രവിശാലമായ ഒരമൂർത്ത ശിൽപ്പമായി ഹിമാലയനിരകൾ ആകാശത്തിനും ഭൂമിക്കുമിടയിൽ പ്രതിഷ്ഠാപനം ചെയ്തിരിക്കുന്നു. ഏതു ശിൽപിയാണീ കലാത്മക നിർമ്മിതിയുടെ ബൃഹദ് ആഖ്യാനം നിർവഹിച്ചിരിക്കുന്നത്. ഹിമാലയസാനുക്കളും ഉത്തുംഗമുടിയായ എവറസ്റ്റ് ശിഖരവും ആരെയാണ് വിസ്മയത്തുമ്പത്തേക്കുയർത്താത്തത്. മാനവകുലത്തിന്റെ മുന്നിലെ ശാശ്വത വിസ്മയമായി ഇതാ ഹിമാലയം തിളങ്ങി, വിളങ്ങി ഉയർന്നു നിലകൊള്ളുന്നു. ഞങ്ങളും അത്ഭുതസ്തബ്ദരായി ഹിമക്കാഴ്ചയ്ക്കു മുന്നിൽ വിനീതരാകുന്നു. ഞാനും പത്നി ഡോ. എസ്. ഗിരിജാകുമാരിയും സുഹൃത്തുക്കളായ പ്രൊഫ. അരുൺകുമാറും ഭാര്യ സ്മിതയും ഡോ. വൃന്ദയും ഭർത്താവ് എൻജിനീയർ എൻ. ജയകുമാറും അടങ്ങുന്ന ആറംഗ സംഘം. ഇത്രകാലം നടത്തിയ യാത്രകളെല്ലാം തന്നെ കാരണബദ്ധമായിരുന്നുവെങ്കിൽ ഇത്തവണ ഇതാദ്യമായി കാഴ്ചയുടെ അനുഭവാന്വേഷണം മാത്രമായി ഒരു യാത്ര. കുടുംബത്തോടൊപ്പം തികച്ചും സമ്മർദ്ദരഹിതമായ ഉല്ലാസയാത്ര. സിക്കിം വഴി ഹിമാലയത്തിലേക്ക് ഒരു സഫലസന്ദർശനം. ഹിമാലയത്തിന്റെ നിഴലിൽ ഏതാനും ദിനങ്ങൾ.
മഞ്ഞുമലകൾ തേടിയുള്ള എന്റെ മൂന്നാം യാത്രയായിരുന്നതിനാൽ ഉത്കണ്ഠ ഇല്ലായിരുന്നെങ്കിലും കാലം ഏൽപ്പിക്കുന്ന മാറ്റങ്ങൾ ഓർത്ത് മനസ് ജാഗ്രത പൂണ്ടു. 1983ൽ കാശ്മീർ വഴിയുള്ള ഹിമാലയ യാത്രയും 91ൽ നേപ്പാൾ സന്ദർശനത്തോടൊപ്പമുള്ള ഹിമാലയ ദർശനവും ഏറെ വ്യത്യസ്തങ്ങളായ അനുഭവമായിരുന്നു. കാശ്മീർ കനവുകൾ, നേപ്പാൾ ദിനങ്ങൾ എന്നീ യാത്രാവിവരണങ്ങളിലൂടെയും 'ഹിമയാത്ര" എന്ന ഗ്രന്ഥത്തിലൂടെയും മുൻ യാത്രാനുഭവങ്ങൾ പങ്കിടാൻ കഴിഞ്ഞിരുന്നു. പുതിയ യാത്ര എന്തെല്ലാം വിസ്മയങ്ങളിലൂടെയാകും നടത്തിക്കൊണ്ടുപോകുക എന്നുള്ള കൗതുകമായിരുന്നു മനസിൽ തെളിഞ്ഞത്.
സുഖിമഹിമാലയം
ഇന്ത്യയുടെ വടക്കുകിഴക്കൻ ഹിമാലയ ഭാഗത്തെ സംസ്ഥാനം എന്ന നിലയിൽ ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള ഇടമാണ് സിക്കിം. ഈ പ്രദേശത്തിന് സിക്കിം എന്ന പേരുവരാൻ കാരണം 'സുഖിം" എന്ന നാമത്തിൽ നിന്നാണ്. സമാധാനം, സന്തോഷം എന്നീ അർത്ഥങ്ങളുള്ള 'സുഖിം"പക്ഷേ തിബറ്റുകാർക്ക് 'ഡെൻജോംഗ്" ആണ്. അതിന്റെ അർത്ഥമാകട്ടെ 'നെല്ലിന്റെ രഹസ്യതാഴ്വര" എന്നും. ഭൂട്ടാൻ, നേപ്പാൾ, തിബറ്റ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ ഹിമാലയ ഭൂഭാഗം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കാഞ്ചൻജംഗ കൊടുമുടിയെ  8586 മീറ്റർ ഉയരത്തിൽ വഹിച്ചു കൊണ്ടു നിൽക്കുന്നു. മഞ്ഞുമലകളുടെയും പൈൻകാടുകളുടെയും അസംഖ്യം ഹിമാലയ സസ്യങ്ങളുടെയും പുഷ്പഫലങ്ങളുടെയും കേദാരമായും സിക്കിം വിളങ്ങുന്നു. പതിമൂന്നാം നൂറ്റാണ്ടോളം പിന്നോട്ടു നീളുന്ന ചരിത്രവുമായി ഹിമാലയത്തിന്റെ നിഴലിൽ സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞു സംസ്ഥാനം ഹിമക്കാഴ്ചകളിലേക്ക് നിരന്തരം കണ്ണു തുറക്കുന്നു.

രാജ്യത്തിന്റെ അതിർത്തിയിൽ അഫ്ഗാനിസ്ഥാൻ, ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, പാകിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധിച്ചു കിടക്കുന്ന ഹിമാലയ പർവത നിരകൾ ഇന്ത്യാ ഉപഭൂഖണ്ഡത്തെയും തിബറ്റൻ പ്ലേറ്റിനെയും തമ്മിൽ വിഭജിപ്പിക്കുന്നു. ആകെ 2400 കിലോമീറ്റർ നീളത്തിൽ വെള്ളിപ്പുതപ്പ് അണിഞ്ഞ പോലെ നീണ്ടു നിവരുന്ന ഹിമവാന്റെ ഏറ്റവും തലയെടുപ്പുള്ള ഭാഗങ്ങൾ 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയും 8611 മീറ്റർ പൊക്കമുള്ള കെ.2 കൊടുമുടിയും 8586 മീറ്റർ പൊക്കമുള്ള കാഞ്ചൻജംഗയും 8516 മീറ്റർ ഉയരമുള്ള ലോത്ത്സെയും 8481 മീറ്റർ ഉയരമുള്ള മക്കലുവും 8126 മീറ്റർ ഉള്ള നാംഗപർവതും 6638 മീറ്റർ പൊക്കമുള്ള മൗണ്ട് കൈലാസവുമാണ്. ഇവ വിവിധ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുമ്പോൾ ഇന്ത്യൻ മണ്ണിലെ ഏറ്റവും ഉയർന്ന ശിഖരമായി 'കാഞ്ചൻ ജംഗ' അഭിമാനമേകുന്നു. സിക്കിം വഴിയുള്ള ഹിമാലയയാത്രയിൽ അതിവിദൂര സ്വപ്നമായി 'കാഞ്ചൻ ജംഗ" തലയുയർത്തി നിൽക്കുന്ന കാഴ്ച കാണാം.
ഹിമവാന്റെ  മക്കൾ
ഹിമാലയ മലനിരകളുടെ വ്യാപന ഭൂഭാഗങ്ങളിലുള്ള രാജ്യങ്ങളിലായി ഈ മഞ്ഞുമലയുടെ സുരക്ഷയിൽ അധിവസിക്കുന്ന മനുഷ്യരുടെ എണ്ണം അൻപത്തിരണ്ട് ദശാംശം ഏഴ് ദശലക്ഷം എന്ന വലിയ സംഖ്യയാണ്. മുമ്പ് സൂചിപ്പിച്ചിട്ടുള്ള അഞ്ച് രാജ്യങ്ങളിലായി ചിതറി കിടക്കുന്നു, ഈ ഹിമാലയമക്കളുടെ ജനജീവിതം. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികളുടെയും അവയുടെ തീരങ്ങളുടെയും പരിരക്ഷയിൽ അധിവസിക്കുന്നവർ അറുന്നൂറ് ദശലക്ഷമുണ്ടെന്നു കൂടി അറിയുക. സിന്ധു നദിയും ഗംഗാനദിയും സാങ്പോ നദിയും ബ്രഹ്മപുത്രയും ഹിമവാന്റെ സന്തതികളാണെന്ന വസ്തുതയും ഇവിടെ ഓർക്കാം. ഇവയിലാകെ  ജലസമൃദ്ധിയുടെ ഗുണഭോക്താക്കൾ അറുന്നൂറ് ദശലക്ഷം ജനങ്ങളുമാണ്. ഇന്ത്യാ സമതലത്തിലെയും അപ്പുറത്ത് ടിബറ്റൻ സമതലത്തിലെയും കാലാവസ്ഥയെ നിർണയിക്കുന്നതിൽ ഹിമാലയം നിർണായക പങ്കു വഹിക്കുന്നു. ചൂട്, തണുപ്പ്, മഴ, മഞ്ഞ് എന്നിവയിൽ മാത്രമല്ല ജനജീവിതത്തിലെ സാംസ്കാരികതലത്തെയും ഹിമാലയമലനിരകൾ നൂറ്റാണ്ടുകളായി സ്വാധീനിച്ചു വരുന്നു. വിവിധ മതങ്ങളുടെ ഉത്ഭവത്തിനും വ്യാപനത്തിനും നിലനിൽപ്പിനും വിനാശത്തിനും സാക്ഷിയായതും ഇതേ ഹിമാലയ മലനിരകൾ തന്നെ. ലോകത്തെ പർവത നിരകളിൽ താരതമ്യേന പ്രായം കുറഞ്ഞ മലനിരയാണ് ഹിമാലയം. എങ്കിലും ഏറ്റവുമധികം വൈവിധ്യ പൂർണമായ സ്വാധീനം സമൂഹത്തിൽ ചെലുത്താൻ കഴിഞ്ഞിട്ടുള്ള മറ്റൊരു പർവത നിര വേറെയില്ലെന്നതും ശ്രദ്ധേയം.

ബ്രിട്ടീഷുകാരുടെ 'സമ്മർകാപ്പിറ്റൽ" എന്ന വിശേഷണവുമായി 'സിംല" ഹിമാലയ സംസ്ഥാനമായ ഹിമാചൽപ്രദേശിൽ സ്ഥിതി പെയ്യുമ്പോൾ തിബറ്റിൽ നിന്നുള്ള ബുദ്ധമതാനുയായികളുടെ താവളമായ 'ധർമ്മശാല" യ്ക്കും മഞ്ഞുമലകൾ വേദിയായിത്തീരുന്നു. പഞ്ചാബി ഹിമാലയത്തിന്റെ തുടക്കം ഇവിടെ നിന്നാകുമ്പോൾ 'സത്ലജ് നദി" യെ നമുക്ക് ഇവിടെ കാണാനാകുന്നു. സിന്ധുനദിയുടെ അഞ്ച് കൈവഴികളിൽ പ്രധാനിയാണ് ഇത്.
വീണ്ടും പശ്ചിമഭാഗത്തേക്ക് നീങ്ങിയാൽ ഇന്ത്യൻ അതിർത്തിയിലെ ജമ്മുകാശ്മീർ ഭാഗത്തേക്ക് എത്തും. ഹിമാലയത്തിന്റെ ഈ ഭാഗത്തെ ഇരട്ടമകുടങ്ങളാണ് 'നൺ-കൺ" കൊടുമുടി. ഏഴായിരം മീറ്റർ ഉയരമുള്ള ഈ പർവതനിരയുടെ താഴ്വാരത്തിലായി ഇന്ത്യയുടെ വടക്കൻ അതിർത്തിസംസ്ഥാനമായ കാശ്മീർ താഴ്വര കാണപ്പെടുന്നു. ശ്രീനഗറും ജമ്മുവും ലേയും ലഡാക്കുമെല്ലാം ഈ സ്വപ്നഭൂമിയുടെ മുഖമുദ്രകളാണ്. ഇനി ഇവിടെ നിന്നും പടിഞ്ഞാറേ അറ്റത്തേക്കെത്തിയാൽ 'നാങ്ഗപർവത്" 8000 മീറ്റർ ഉയരവുമായി ഹിമവാന്റെ ഗർവ് കാട്ടി സ്ഥിതി ചെയ്യുന്നു. അങ്ങേ അറ്റത്ത് കാറക്കോറം നിരകൾ ഹിമാലയത്തെ ഹിന്ദുക്കുഷ് നിരകളുമായി വേർതിരിച്ചു കൊണ്ട് നിലയുറപ്പിച്ചിരിക്കുന്നു. തൊട്ടപ്പുറത്തായിട്ട് പാകിസ്ഥാന്റെ നിയന്ത്രണത്തിൽ ഇപ്പോൾ കാണപ്പെടുന്ന ഗിൽഗിറ്റ്- ബാൾട്ടിസ്ഥാൻ റീജിയൺ ആണ് ഹിമഭാഗങ്ങളുടെ സ്വത്വവും പേറി അവശേഷിക്കുന്നത്.
സിക്കിം
മൗണ്ട് കാഞ്ചൻജംഗയുടെ പൗരസ്ത്യ ഭാഗത്തായിട്ടാണ് ഹൈമവതഭൂമിയായ 'സിക്കിം" മഞ്ഞിൻ പുതപ്പുണിഞ്ഞു കിടക്കുന്നത്. ഇന്ത്യയിൽ നിന്നും 'ലാസ" യിലേക്കും തിബറ്റിലേക്കുമുള്ള യാത്രയൊരുക്കി 'നാഥുലാ പാസ്" വരെ സിക്കിം ശയിക്കുന്നു. പൗരാണിക ബുദ്ധമത കേന്ദ്രമായ ഭൂട്ടാൻ രാജ്യം കിഴക്കുഭാഗത്തു കാണപ്പെടുന്നുണ്ട്. 'ഗാങ്ഖർ പ്യൂൻസംഗ്" എന്നു പേരുള്ള ഹിമാലയൻ കൊടുമുടി ഇതാ ആർക്കും കീഴടക്കാനാകാതെ വെല്ലുവിളിയുയർത്തി ഇന്നും നിലകൊള്ളുന്നു. ഈ ഭാഗത്ത് എത്തുമ്പോഴേക്ക് ഇടതൂർന്ന വനഭാഗവുമായി ഹിമാലയം കൂടുതൽ പരുക്കനായിത്തീരുന്നു. വടക്കു-കിഴക്കോട്ട് ചെറുതായി വളഞ്ഞ് ഹിമാലയനിരകൾ അരുണാചൽപ്രദേശ്, തിബറ്റ് എന്നിവിടങ്ങളിലൂടെ 'നാംചെ ബാറാ" കൊടുമുടിയോളം എത്തുന്നു. തിബറ്റിലെ 'യാർലങ് സാങ്പോ നദി"യ്ക്കും ഇവിടം ആശ്രയമായിത്തീരുന്നു. ഈ നദിയുടെ മറുകരയിൽ 'കാംഗ്രി  ഗാർപോ" മലനിരകൾ കാണാം. ഹിമാലയഭാഗം തന്നെയെന്നു കരുതുന്ന 'ഗ്യാലാ പെറി" എന്ന ഉത്തുംഗ കൊടുമുടിയിൽ ഈ വടക്കൻ ഹിമക്കാഴ്ച പൂർണമാകുന്നു.

ഹിമവാന്റെ പൊതുവായ രൂപവർണനയിൽ ആമഗ്നരാകുമ്പോൾ ഞങ്ങൾക്കു മുന്നിൽ ശീതക്കാറ്റിന്റെ നനുത്ത തലോടലായി ഹിമാലയം യാഥാർത്ഥ്യമായിക്കൊണ്ടേയിരുന്നു. പല കാലങ്ങളിൽ വ്യത്യസ്ത മുഖങ്ങളിലൂടെ മാത്രമേ ഹിമാലയദർശനം സാദ്ധ്യമാകൂ എന്ന സത്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് സിക്കിം വഴിയുള്ള കാഴ്ചകൾക്കായി ഞങ്ങൾ കണ്ണും കാതും തുറന്നുവയ്ക്കുകയായി. കൊച്ചിയിൽ നിന്നും പശ്ചിമബംഗാളിൽ ഉൾപ്പെടുന്ന സിലിഗുറിയിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് നാലു മണിക്കൂർ യാത്ര. അവിടെ നിന്നും സിക്കിമിന്റെ തലസ്ഥാന നഗരിയായ ഗാംങ്ടോക്കിലേക്ക് ഷെർപ്പാ ഹരിറാമിനൊപ്പം കാർയാത്ര. വലിയ വാഹനങ്ങളല്ലാതെ ചെറിയ കാറുകൾക്ക് സ്ഥാനമില്ലാത്ത ഹിമാലയൻ നഗരങ്ങൾ. ടൂവീലറുകളും ത്രീവീലറുകളും പൂർണമായും വർജ്യം! കയറ്റവും ഇറക്കവും കൊടുംവളവുകളുമുള്ള യാത്രയിൽ നിരത്തുകളുടെ നേർത്ത നാടകൾ പോലെയുള്ള ചുറ്റിത്തിരിയൽ പർവത ശിഖരങ്ങളിലേക്കാണെന്ന് ഉത്കണ്ഠയോടെ തിരിച്ചറിയുന്ന നിമിഷങ്ങൾ. അനായാസേന സ്റ്റിയറിംഗ് വീൽ തിരിച്ച് ഏകാഗ്രചിത്തരായി വാഹനമോടിക്കുന്ന ഡ്രൈവർമാർ ഒരിക്കലും അക്ഷമരാകുന്നതേയില്ല. മുറുകിയ മഞ്ഞു പോലെ മുറുക്കവും തണുപ്പുമുള്ള മനുഷ്യർ. നിശ്ചയദാർഢ്യത്തിന്റെയും ക്ഷമയുടേയും കൊടുമുടികൾ നിത്യവും ജീവിതയാത്രയിൽ കയറിയിറങ്ങുന്നവർക്കൊപ്പം ജന്മനാ 'അസ്വസ്ഥമാനസരായ" മലയാള മക്കൾ വിവിധതരം സമ്മർദ്ദങ്ങൾ ഒന്നിനുമുകളിൽ മറ്റൊന്നായി എടുത്തണിഞ്ഞു കൊണ്ട് നിശബ്ദം പുറത്തേക്കു നോക്കിയിരുന്നു. ആഴങ്ങളിലേക്ക് കണ്ണുകൾ പായാതെ കാഴ്ചയുടെ കടിഞ്ഞാൺ ബലമായി പിടിച്ചു കൊണ്ടുള്ള ആ ഇരിപ്പ് അവസാനിച്ചപ്പോൾ ഞങ്ങൾ ഗാംങ്ടോക്ക് നഗരത്തിൽ എത്തിച്ചേർന്നിരുന്നു. അപ്പോഴേക്കും ഹിമാലയമാനസരായി ധൈര്യവും ക്ഷമയുമുള്ളവരായി, ഞങ്ങൾ മാറിക്കഴിഞ്ഞിരുന്നുവെന്ന സത്യവും ഇവിടെ കുറിക്കട്ടെ.
(പ്രഭാത് ബുക്ക് ഹൗസ് എഡിറ്ററാണ് ലേഖകൻ)