
കണ്ണൂർ: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ സാദ്ധ്യത തളളാതെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എ ഐ സി സി സംഘം കേരളത്തിലെ കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നയുടൻ പാർട്ടിയിൽ നിന്നുയർന്ന നേതൃമാറ്റ ആവശ്യത്തെ കെ സി വേണുഗോപാൽ തളളിയിരുന്നു. എന്നാൽ കോൺഗ്രസിന് പിന്നാലെ ലീഗും ആർ എസ് പിയും അടക്കമുളള ഘടകകക്ഷികളും നേതൃമാറ്റത്തിലൂന്നുമ്പോഴാണ് കെ സിയുടെ നിലപാട് മാറ്റമെന്നാണ് സൂചന.
'താഴേത്തട്ടുമുതൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്‌ചപ്പാടോട് കൂടി മുന്നോട്ടുപോകേണ്ടതുണ്ട്. എവിടെയൊക്കെ ദൗർബല്യങ്ങളുണ്ടോ അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണം. പാർട്ടിക്ക് ആയിരിക്കണം മുൻഗണന. പാർട്ടിക്ക് അതീതമായിട്ടുളള എല്ലാ മുൻഗണനയും ഒഴിവാക്കാൻ എല്ലാവരും മനസ് കാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിത്' എന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.
കേരള തോൽവിയെ ഹൈക്കമാൻഡ് കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നത്. ഞായറാഴ്ച ചേരുന്ന കെ പി സി സി രാഷ്ട്രീയകാര്യസമിതിയിൽ മുല്ലപ്പളളിക്കും ഹസനുമെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുകയാണെങ്കിൽ ഹൈക്കമാൻഡിന് അത് പൂർണമായും അവഗണിക്കാൻ ആകില്ല. ഈ സാഹചര്യത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കുന്ന ഞായറാഴ്ചയിലെ രാഷ്ട്രീയകാര്യസമിതി യോഗത്തിന് പ്രാധാന്യമേറിയിരിക്കുകയാണ്.
യു ഡി എഫിൽ എല്ലാം ലീഗ് തീരുമാനിക്കുന്നു എന്ന പിണറായിയുടെ പ്രസ്‌താവന കോൺഗ്രസിലെ തിരുത്തൽ നടപടിക്ക് തിരിച്ചടിയാണ്. ഇനി കെ പി സി സി അദ്ധ്യക്ഷനെ മാറ്റിയാൽ അത് ലീഗ് സമ്മർദ്ദത്തിന് വഴങ്ങി എന്ന പഴി കേൾക്കേണ്ടിവരും. സി പി മ്മും ബി ജെ പിയും കൂടുതൽ സമർത്ഥമായി നേതൃമാറ്റം കോൺഗ്രസിനെതിരെ ആയുധമാക്കും. ഡി സി സികളിൽ പുന:സംഘടന ഉറപ്പാണ്. അതിനപ്പുറത്തേക്കുളള മാാറ്റങ്ങളിൽ ഹൈക്കമാൻഡ് വളരെ സൂക്ഷിച്ചായിരിക്കും തീരുമാനം എടുക്കുകയെന്നാണ് വിവരം.