mothilal-vora

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ് മുൻ ഗവർണറും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുൻ രാജ്യസഭാംഗവുമായിരുന്ന മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്‌ച ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വൈകുന്നേരത്തോടെ അന്തരിച്ചു.

ഒക്ടോ‌ബർ മാസത്തിൽ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്ന അദ്ദേഹത്തിന് പിന്നീട് രോഗം ഭേദമായിരുന്നു. ഡിസംബർ 19ന് ശ്വാസതടസം അനുഭവപ്പെട്ട വോറയെ 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന വോറ ഈയിടെയാണ് തൽസ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മരണമടയുന്ന കോൺഗ്രസിലെ മൂന്നാമത് മുതിർന്ന നേതാവാണ് മോത്തിലാൽ വോറ.തരുൺ ഗൊഗോയും അഹമ്മദ് പട്ടേലുമാണ് മ‌റ്റ് രണ്ടുപേർ. നിരവധി വർഷം കോൺഗ്രസ് ട്രഷററായും വോറ പ്രവർത്തിച്ചിട്ടുണ്ട്.

മാദ്ധ്യമപ്രവർ‌ത്തകനായി പ്രവർത്തിച്ചുവന്ന വോറ 1968മുതൽ സജീവ കോൺഗ്രസ് പ്രവർത്തകനായി. 1977ലും 1980ലും മദ്ധ്യപ്രദേശ് നിയമസഭാംഗമായി.1985 മുതൽ 1988 വരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായി. 1988ൽ കേന്ദ്രമന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തിയതിനെ തുടർന്ന് രാജിവച്ചു. പിന്നീട് 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായി. മോത്തിലാൽ വോറയുടെ നിര്യാണത്തിൽ രാഹുൽഗാന്ധി അനുശോചനം രേഖപ്പെടുത്തി.