
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയും ബംഗാൾ യുവമോർച്ച പ്രസിഡന്റുമായ സൗമിത്ര ഖാന്റെ ഭാര്യയും ബി.ജെ.പി നേതാവുമായ സുജാത മൊണ്ഡൽ ഖാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽത്തയിൽ നടന്ന ചടങ്ങിൽ തൃണമൂൽ നേതാവും എം.പിയുമായ സൗഗത റോയി പാർട്ടി പതാക നൽകി അവരെ സ്വാഗതം ചെയ്തു. പാർട്ടി വിട്ട സുജാതയ്ക്കെതിരെ സൗമിത്ര വിവാഹ മോചന ഹർജി ഫയൽ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബി.ജെ.പിയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്നും അതിനാലാണ് തൃണമൂലിൽ ചേരുന്നതെന്നും സുജാത പറഞ്ഞു. 'എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാർട്ടിയുടെ കഴിവുള്ള നേതാവാകാനും എന്റെ പ്രിയപ്പെട്ട ദീദിയുമായി ചേർന്ന് പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു. '- മുൻ അദ്ധ്യാപിക കൂടിയായിരുന്ന സുജാത പറഞ്ഞു.
നേരത്തെ തൃണമൂൽ പ്രവർത്തകനായിരുന്ന സൗമിത്ര 2019 ലാണ് ബി.ജെ.പിയിൽ ചേരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജാമ്യവ്യവസ്ഥ പ്രകാരം ബിഷണുപുർ മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് സൗമിത്രയ്ക്ക് വിലക്കുണ്ടായിരുന്നതിനാൽ സുജാതയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്.