
സാവോ പോളോ : ബ്രസീലിലെ ഗോയിയാനിയ നഗരം. ഇവിടുത്തെ തെരുവിൽ കഴിഞ്ഞ പത്ത് വർഷമായി ഒരു മനുഷ്യൻ അലഞ്ഞിരുന്നു. നീണ്ട തലമുടിയും താടിയും മുഖത്തെ മറച്ചിരുന്നു. ആളെ തിരിച്ചറിയാൻ പോലും കഴിയില്ല. ആക്രി പെറുക്കിയും മറ്റും ജീവിച്ച ജോ കോയിലോ ഗ്വിമാരേസ് എന്ന ഈ മനുഷ്യന്റെ ജീവിതം വളരെ അവിചാരിതമായി മാറിമറിഞ്ഞിരിക്കുകയാണ്. ഒരു മെൻസ് ഫാഷൻ സ്റ്റോറും ബാർബർ സർവീസും നടത്തുന്ന അലക്സാൺഡ്രോ ലോബോ എന്ന വ്യക്തിയും സോഷ്യൽ മീഡിയയുമാണ് കോയിലോയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

വഴിയരികിലിരുന്ന കോയിലോയോട് വിശപ്പുണ്ടോ എന്നും ഭക്ഷണം വാങ്ങിത്തരാമെന്നും ലോബോ പറഞ്ഞു. എന്നാൽ ഭക്ഷണം വേണ്ട എന്നും പകരം തന്റെ താടിയും മുടിയും വെട്ടിത്തരാമോ എന്നും കോയിലോ ലോബോയോട് ചോദിച്ചു. കോയിലോയുടെ ആവശ്യം ലോബോ സന്തോഷത്തോടെ സ്വീകരിച്ചു. താടിയും മുടിയും വെട്ടി സ്റ്റൈൽ ചെയ്ത് സുന്ദരനാക്കി. അണിയാൻ പുതിയ വസ്ത്രങ്ങളും ഷൂവും നൽകി. കോയിലോയുടെ രൂപമാറ്റത്തിന്റെ ഫോട്ടോകൾ ലോബോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ കോയിലോയുടെ ഫോട്ടോകൾ വൈറലായി. ഭാഗ്യവശാൽ കോയിലോയുടെ കുടുംബത്തിന് മുന്നിലും ഈ ഫോട്ടോ എത്തി.
കഴിഞ്ഞ പത്ത് വർഷങ്ങളായി കോയിലോയെ പറ്റി കുടുംബത്തിന് ഒരു വിവരവുമില്ലായിരുന്നു. കോയിലോ മരിച്ചിരിക്കാമെന്നാണ് അവർ കരുതിയത്. ലോബോ പോസ്റ്റ് ചെയ്ത ഫോട്ടോകൾ കണ്ടതോടെ കോയിലോയെ അമ്മയും സഹോദരിയും തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ഇരുവരും ലോബോയുമായി ബന്ധപ്പെടുകയും നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം കോയിലോയെ കണ്ടുമുട്ടുകയും ചെയ്തു. ഈ ക്രിസ്മസ് കാലത്ത് ഒരാളുടെ ജീവിതം മാറ്റിമറിയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലോബോ.