video

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂറുമാറി ബി.ജെ.പിയിൽ എത്തിയ സുവേന്ദു അധികാരി കൈക്കൂലി വാങ്ങുന്ന പഴയ ദൃശ്യങ്ങൾ ബി.ജെ.പിയെ വെട്ടിലാക്കുന്നു. 2016ൽ സുവേന്ദുവും ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയും കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ബി.ജെ.പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടിരുന്നു. നാരദാ ന്യൂസിന്റെ മാത്യു സാമുവലായിരുന്നു ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മൂന്നു വർഷങ്ങൾക്കു മുൻപാണ് മുകുൾ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഒരു കമ്പനിക്ക് അനധികൃതമായി ആനുകൂല്യങ്ങൾ നൽകിയതിനു പകരമായി തൃണമൂലിന്റെ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൈക്കൂലി വാങ്ങുന്നതായിരുന്നു ദൃശ്യങ്ങളിൽ.

സംഭവത്തിൽ ബി.ജെ.പിയെ വിമർശിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ യൂട്യൂബിൽനിന്ന് ഈ വിഡിയോ നീക്കം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയുള്ള സ്ക്രീൻഷോട്ടും മഹുവ ട്വീറ്റ് ചെയ്തു.