
 സെൻസെക്‌സ് 1,406 പോയിന്റ് കൂപ്പുകുത്തി
കൊച്ചി: അനുദിനം റെക്കാഡ് തിരുത്തി മുന്നേറിയ ഇന്ത്യൻ ഓഹരി സൂചികകൾക്ക് അപ്രതീക്ഷിത തിരിച്ചടി. ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടനെ വിറപ്പിക്കുന്നതിൽ ആശങ്കപ്പെട്ട്, നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെട്ടതോടെ ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ഇന്നലെ 1,406 പോയിന്റും ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) 432 പോയിന്റും തകർന്നടിഞ്ഞു.
തുടർച്ചയായി ആറുനാൾ നേട്ടക്കുതിപ്പോടെ കഴിഞ്ഞവാരം പുത്തൻ ഉയരമായ 46,960ൽ എത്തിയ സെൻസെക്‌സ് ഇന്നലെ വ്യാപാരാന്ത്യമുള്ളത് 45,553ലാണ്; നിഫ്‌റ്റി 13,328ലും. അമേരിക്കയിലും കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ കൂടുകയാണ്. അവിടെ, ഉത്തേജക പാക്കേജ് സംബന്ധിച്ച അനിശ്‌ചിതത്വങ്ങളും നിക്ഷേപകരെ വലയ്ക്കുന്നു. ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ ഒട്ടേറെ രാജ്യങ്ങൾ നിറുത്തിവച്ചതാണ് ഇന്നലെ അപ്രതീക്ഷിതമായി ഓഹരി വിപണികളുടെ തകർച്ചയ്ക്ക് വഴിവച്ചത്.
ബെൽജിയം, കാനഡ, ഫ്രാൻസ്, നെതർലൻഡ്‌സ്, ജർമ്മനി, ഡെന്മാർക്ക്, ഇറ്റലി, ഓസ്‌ട്രിയ എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയും ഇന്നലെ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ നിറുത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരി സൂചികകൾക്കാണ് ഇന്നലത്തെ ആഗോള തകർച്ചയിൽ ഏറ്റവുമധികം മുറിവേറ്റത്. റെക്കാഡ് ഉയരത്തിലായിരുന്നു എന്നതാണ് കാരണം.
റെക്കാഡിന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായി പ്രതീക്ഷിച്ച ലാഭമെടുപ്പ് ഇന്നലെ ഉണ്ടായതിന് പുറമേയാണ്, വൻതോതിൽ വിദേശ നിക്ഷേപവും പിൻവലിക്കപ്പെട്ടത്.
സെൻസെക്‌സിലെ എല്ലാ വിഭാഗങ്ങളും ഇന്നലെ നഷ്‌ടത്തിലാണുള്ളത്.
മുറിവേറ്റവർ
സെൻസെക്‌സിൽ കനത്ത നഷ്‌ടം കുറിച്ചവ: ഒ.എൻ.ജി.സി., ഇൻഡസ് ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ., എൻ.ടി.പി.സി., ഐ.ടി.സി., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സൺ ഫാർമ എന്നിവ നാലു ശതമാനം മുതൽ ഒമ്പതു ശതമാനം വരെ നഷ്‌ടം കുറിച്ചു.
വൻ വീഴ്‌ചകൾ
സെൻസെക്‌സിന്റെ ഏറ്റവും വലിയ പ്രതിദിന നഷ്‌ടങ്ങൾ: (പോയിന്റിൽ)
2020 മാർച്ച് 23 : 3,934
2020 മാർച്ച് 12 : 2,919
2020 മാർച്ച് 16 : 2,713
2020 മാർച്ച് 09 : 1,941
2015 ആഗസ്‌റ്റ് 24 : 1,624
2008 ജനുവരി 21 : 1,408
2020 ഡിസംബർ 21 : 1,406
₹6.59 ലക്ഷം കോടി
ഇന്നലെ ഒറ്റദിവസം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 6.59 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 185.38 ലക്ഷം കോടി രൂപയിൽ നിന്ന് 178.79 ലക്ഷം കോടി രൂപയിലേക്ക് ഇടിഞ്ഞു.