
ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ വലിയ അഴിച്ചുപണി വന്നേക്കും
മെൽബൺ : അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ചരിത്രത്തിലെ തന്നെ നാണംകെട്ട ബാറ്റിംഗ് ദുരന്തത്തിൽ അകപ്പെട്ട് തകർന്നുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ പ്ളേയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും. ക്രിസ്മസ് പിറ്റേന്ന് (ബോക്സിംഗ് ഡേ) മെൽബണിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
തോൽവിയുടെ ആഘാതത്തിൽ നിന്ന് മോചിതരാകുന്നതിനൊപ്പം നായകൻ വിരാട് കൊഹ്‌ലിയുടെ മടക്കവും ഷമിയുടെ പരിക്കും ആവശ്യപ്പെടുന്ന പകരം വയ്ക്കലുകളും ഇന്ത്യയ്ക്ക് ആവശ്യമാണ്. ഭാര്യയുടെ പ്രസവം പ്രമാണിച്ചാണ് വിരാട് നാട്ടിലേക്ക് മടങ്ങുന്നത്.അഡ്‌ലെയ്ഡിൽ ബാറ്റിംഗിനിടെ കൈക്ക് പരിക്കേറ്റ ഷമിക്ക് ഈ പരമ്പരയിൽ ഇനി കളിക്കാൻ കഴിയുമോ എന്നകാര്യം സംശയമാണ്. സന്നാഹമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ മാറ്റിനിറുത്തി ആദ്യ ടെസ്റ്റിൽ അവസരം നൽകിയിട്ടും ഇരു ഇന്നിംഗ്സുകളിലും ഒരേ മട്ടിൽ ഒറ്റയക്കത്തിന് ബൗൾഡായ പൃഥ്വി ഷായെ മെൽബണിൽ കളിപ്പിക്കാൻ സാദ്ധ്യതയില്ല. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ,ഹനുമ വിഹാരി എന്നിവരെയും മാറ്റി പരീക്ഷിക്കാൻ ഇടയുണ്ടെന്നാണ് അറിയുന്നത്.
കൊഹ്‌ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക.ഫിറ്റ്നസ് വീണ്ടെടുത്ത് ആസ്ട്രേലിയയിൽ എത്തിയിട്ടുണ്ടെങ്കിലും ക്വാറന്റൈൻ പൂർത്തിയാകാത്തതിനാൽ രോഹിത് ശർമ്മയ്ക്ക് ഈ ടെസ്റ്റിൽ കളിക്കാനാവില്ല. ഈ സാഹചര്യത്തിൽ കെ.എൽ രാഹുൽ പകരക്കാരനായി എത്തിയേക്കും. ശുഭ്മാൻ ഗിൽ ,റിഷഭ് പന്ത്. നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്,രവീന്ദ്ര ജഡേജ എന്നിവരും പ്ളേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കാം.
പുറത്തേക്ക്
1.വിരാട് കൊഹ്‌ലി
ഭാര്യ അനുഷ്ക ശർമ്മ ആദ്യത്തെ കൺമണിക്ക് ജന്മം നൽകാനിരിക്കുന്നതിനാൽ വിരാടിന് ആദ്യ ടെസ്റ്റ് കഴിഞ്ഞാൽ ബി.സി.സി.ഐ പെറ്റേണിറ്റി ലീവ് നേരത്തേ അനുവദിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ ദാരുണ പരാജയത്തിനിടെ കപ്പിത്താൻ മടങ്ങുന്നത് ഇന്ത്യയെ മാനസികമായും തളർത്തും. അഡ്‌ലെയ്ഡിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ വിരാടായിരുന്നു.
2.മുഹമ്മദ് ഷമി
ഒന്നാം ടെസ്റ്റിൽ ഷമിയുടെ കൈയിൽ പൊട്ടലുണ്ടാക്കിയ പന്ത് പരമ്പരയിലെ ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകളെക്കൂടിയാണ് തകർത്തുകളഞ്ഞത്.പരിചയ സമ്പന്നനായ ഷമിയുടെ ഭാവം ഇനിയുടെ മത്സരങ്ങളിൽ ഇന്ത്യൻ ബൗളിംഗിന്റെ മൂർച്ച കുറയ്ക്കും.
3.പൃഥ്വി ഷാ
ഐ.പി.എല്ലിൽ പോലും ഫോം പ്രദർശിപ്പിക്കാൻ കഴിയാതിരുന്ന ഷായെ ആദ്യ ടെസ്റ്റിൽ ടീമിലെടുത്തപ്പോഴേ വിദഗ്ധരുടെ നെറ്റി ചുളിപ്പിച്ചിരുന്നു.കിവീസ് പര്യടനത്തിൽ കളിച്ചിരുന്നതിനാലാണ് ഷായെ തുടരാൻ അനുവദിച്ചതെന്നായിരുന്നു ന്യായീകരണം. രണ്ട് ഇന്നിംഗ്സുകളിലുമായി ആകെ ആറു പന്തുകൾ മാത്രം നേരിട്ട് വിക്കറ്റ് വലിച്ചെറിഞ്ഞ ഷായ്ക്ക് ഇനിയൊരു അവസരം നൽകാൻ സാദ്ധ്യതയില്ല.
4.വൃദ്ധിമാൻ സാഹ
ബാറ്റിംഗിൽ വേണ്ടത്ര സംഭാവന നൽകാൻ കഴിയാത്തതിനാൽ സാഹയെ മാറ്റിയേക്കും. വിദേശപിച്ചുകളിൽ സാഹയുടെ ബാറ്റിംഗ് റെക്കാഡ് അത്ര മെച്ചമല്ലാത്തത് മുൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.
5.ഹനുമ വിഹാരി
ആൾറൗണ്ടറായി ടീമിൽ തുടരുന്ന വിഹാരിക്ക് ബാറ്റിംഗിലും ബൗളിംഗിലും ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. സ്പിന്നർ അശ്വിൻ നാലുവിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ വിഹാരിയെ ബൗളിംഗിന് ഉപയോഗിച്ചത് കൂടിയില്ല.
അകത്തേക്ക്
1. കെ.എൽ രാഹുൽ
വിരാടിന് പകരക്കാരനായി കെ.എൽ രാഹുലിനെയാണ് മെൽബണിൽ പരിഗണിക്കുന്നത്. എന്നാൽ വിരാടിന്റെ നാലാം നമ്പർ പൊസിഷനിൽ രഹാനെയാകും ഇറങ്ങുക. ബാറ്റിംഗ് ഓർഡറിൽ ആറാം സ്ഥാനത്തായിരിക്കും രാഹുലിനെ പരിഗണിക്കുക. ഏകദിന,ട്വന്റി-20 പരമ്പരകളിൽ മികച്ച ഫോമിലായിരുന്നു.
2. മുഹമ്മദ് സിറാജ്
ഷമിക്ക് പകരം മുഹമ്മദ് സിറാജാകും പേസ് ബൗളറായി എത്താൻ സാദ്ധ്യത.സന്നാഹത്തിൽ സിറാജ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മറ്റൊരു യുവപേസർ നവ്ദീപ് സെയ്നിയും അവസരത്തിനായി കൊതിക്കുന്നുണ്ട്.
3. ശുഭ്മാൻ ഗിൽ
മായാങ്കിനാെപ്പം ഓപ്പണറായി ശുഭ്മാൻ ഗില്ലിനെ ഇറക്കിയേക്കും.സന്നാഹമത്സരങ്ങളിൽ മികച്ച പ്രകടനം ഗിൽ കാഴ്ചവച്ചിരുന്നു. ടെസ്റ്റിന് അനുയോജ്യമായ ബാറ്റിംഗ് ശൈലിയുടെ ഉടമയുമാണ്. പൃഥ്വി ഷായെക്കാൾ മികച്ച ഫോമിലുമാണ്.
4.ഇംഗ്ളണ്ടിലെയും ആസ്ട്രേലിയയിലെയും പിച്ചുകളിൽ ബാറ്റിംഗ് നിരയ്ക്ക് ആഴം നൽകാൻ റിഷഭാണ് നല്ലതെന്ന് ടീം കണക്കുകൂട്ടുന്നു. വിക്കറ്റ് കീപ്പിംഗിൽ സാഹയോളം വരില്ലെങ്കിലും ബാറ്റിംഗാണ് ടീം നേരിടുന്ന പ്രധാനപ്രശ്നമെന്നതിനാൽ നറുക്ക് വീണേക്കും. ഏകദിന,ട്വന്റി-20 പരമ്പരകളിൽ കളിപ്പിച്ചിരുന്നില്ല.
5. രവീന്ദ്ര ജഡേജ
ട്വന്റി-20 പരമ്പരയ്ക്കിടെ പരിക്കേറ്റ ജഡേജ വിഹാരിക്ക് പകരം ആൾറൗണ്ടറായി എത്തിയേക്കും. പരിചയസമ്പത്താണ് ജഡേജയുടെ പിൻബലം.ഏകദിന,ട്വന്റി-20 പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയിരുന്നു.
അഡ്‌ലെയ്ഡിൽ സംഭവിച്ചത്
ഇരു ടീമുകളുടെയും ആദ്യ ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ വ്യക്തമായ മേൽക്കൈ നേടിയിരുന്ന ഇന്ത്യ മൂന്നാം ദിവസം രാവിലെ രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് ഞൊടിയിടയിൽ ആൾഔട്ടായതോടെയാണ് കളി മാറിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഓസീസ് ബാറ്റിംഗിനോട് പിടിച്ചുനിന്ന് 244 റൺസ് നേടിയിരുന്നു.ഓസീസിന്റെ മറുപടി 191ൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 21.2ഓവറിൽ ആൾഔട്ടായി.
4,9,2,0,4,0,8,4,0,4,1 എന്നിങ്ങനെയായിരുന്നു രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോറിംഗ്
ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഒരൊറ്റ ബാറ്റ്സ്മാനും രണ്ടക്കം കടക്കാതെ പുറത്താവുന്നത്.