sugathakumari

തിരുവനന്തപുരം: എഴുത്തുകാരി സുഗതകുമാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സയിലായിരുന്നു. അവിടെ നിന്നുമാണ് ടീച്ചറെ വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നോതാവ് വിഎം സുധീരനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സുഗതകുമാരിയ്ക്ക് ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നം. മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിലേയ്ക്ക് മാറ്റുകയും ചെയ്തു. നോണ്‍ ഇന്‍വേറ്റീവ് വെന്റിലേഷന്റെ (ട്യൂബ് ഇടാതെയുള്ള വെന്റിലേഷന്‍) സഹായത്തോടെയാണ് ചികിത്സ നല്‍കുന്നത്.

നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷര്‍മ്മദ് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന രണ്ടാഴ്ച ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നത്.