
തിരുവനന്തപുരം: ക്ഷേത്രഭരണം ഭക്തർക്ക് കൈമാറണമെന്ന ശ്രീ ശ്രീ രവിശങ്കറിന്റെയും ബി.ജെ.പിയുടെയും ആവശ്യം അജ്ഞത നിമിത്തമാണെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ആർ.ഷാജി ശർമ്മയും ജനറൽ സെക്രട്ടറി ആനയറ ചന്ദ്രനും
പ്രസ്താവനയിൽ പറഞ്ഞു.
പൊതു റവന്യൂവിൽ നിന്ന് ദേവസ്വം റവന്യൂ വേർതിരിക്കുന്നതിന് 1912ൽ അന്നത്തെ സർക്കാർ നടപടി ആരംഭിച്ചെങ്കിലും ദേവസ്വംവക വസ്തുക്കൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ അത് ഉപേക്ഷിച്ചു. തുടർന്ന് ഹൈന്ദവ വിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇതേക്കുറിച്ച് പഠിക്കാൻ
കമ്മിറ്റിയെ നിയോഗിച്ചു.കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1922ൽ ദേവസ്വം ഡിപ്പാർട്ട്മെന്റ്
രൂപീകരിക്കുകയും ദേവസ്വം ഭരണച്ചുമതലകൾ കൈമാറുകയും ചെയ്തു. തിരുവിതാംകൂർ-കൊച്ചി സംയോജനത്തെ തുടർന്ന് ദേവസ്വം ഡിപ്പാർട്ട്മെന്റ് നിറുത്തലാക്കി ദേവസ്വം ബോർഡുകൾ രൂപീകരിച്ചു. അന്ന് മുതൽ സർക്കാർ നിയന്ത്രണത്തിലും സർക്കാർ ഗ്രാന്റോടെയുമാണ് ദേവസ്വം ബോർഡുകൾ പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡുകളുടെ ചില്ലിക്കാശും സർക്കാരിന് എടുക്കാനാവില്ല. മാത്രമല്ല, ഈ സർക്കാർ കഴിഞ്ഞ നാലര വർഷത്തിനിടെ 1289 കോടി രൂപയാണ് ശബരിമല ഉൾപ്പെടെയുള്ള ദേവസ്വം ക്ഷേത്രങ്ങളുടെ വികസനത്തിന് നൽകിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.