
ബ്രസീലിയ: ബ്രസീലിലെ ഗോയിയാനിയ നഗരത്തിൽ കഴിഞ്ഞ പത്ത് വർഷമായി അലഞ്ഞുനടന്ന ഒരുമനുഷ്യൻ. മുഖം പോലും കാണാൻ കഴിയാത്ത വിധം താടിയും മുടിയും നീട്ടി വളർത്തി ആക്രി പെറുക്കി തെരുവിൽ കഴിഞ്ഞ ജോ കോയിലോ ഗ്വിമാരേസിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ ആകസ്മികം മാത്രം. തെരുവിലെ ഓരത്ത് മുഷിഞ്ഞ കോലത്തിൽ നിന്ന ജോയോട് ഒരു മെൻസ് ഫാഷൻ സ്റ്റോറും ബാർബർ സർവീസും നടത്തുന്ന അലക്സാൺഡ്രോ ലോബോ എന്ന വ്യക്തി വിശപ്പുണ്ടോ എന്നും ഭക്ഷണം വേണോ എന്നും ചോദിച്ചതോടെയാണ് ജോയുടെ ജീവിതം മാറാൻ തുടങ്ങിയത്. എന്നാൽ ഭക്ഷണമല്ല പകരം തന്റെ മുഖം മറഞ്ഞുകിടക്കുന്ന താടിയും മുടിയും വെട്ടിത്തരാമോ എന്ന് ജോ ചോദിച്ചു.
കോയിലോയുടെ ആവശ്യം ലോബോ സന്തോഷത്തോടെ സ്വീകരിച്ചു. താടിയും മുടിയും വെട്ടി സ്റ്റൈൽ ചെയ്ത് സുന്ദരനാക്കി. അണിയാൻ പുതിയ വസ്ത്രങ്ങളും ഷൂവും നൽകി. ഒരു കൗതുകത്തിന് വേണ്ടി ജോയുടെ രൂപമാറ്റം ലോബോ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ജോയുടെ ഫോട്ടോകൾ വൈറലായി. ഭാഗ്യവശാൽ കോയിലോയുടെ കുടുംബത്തിന് മുന്നിലും ഈ ഫോട്ടോ എത്തി. ഇതോടെ മരിച്ചു എന്ന് കുടുംബം വിധിയെഴുതിയ ജോയെ കുടുംബത്തിന് തിരിച്ചുകിട്ടി.