
ലണ്ടൻ: കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ വിവിധ രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയാണ്. ഇതുവരെ പതിനേഴോളം രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കി.പുതിയ വകഭേദത്തിന് ഗവേഷകർക്ക് ഇതുവരെ അറിയാത്ത നിരവധി ദോഷങ്ങളുണ്ടാകാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച തെക്കൻ ഇംഗ്ളണ്ടിൽ 4 ടയർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക നിലവിൽ യു.കെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് അറിയിച്ചു. ഫ്രാൻസ്, ജർമ്മനി, ഇസ്രായേൽ, എൽ സാൽവദോർ, ബൾഗേറിയ, നെതർലാന്റ്, ഇറ്റലി, ഫിൻലാന്റ്, ഡെന്മാർക്ക്, തുർക്കി, മൊറോക്കോ, ബെൽജിയം,കാനഡ, ഓസ്‌ട്രിയ, സൗദി അറേബ്യ, കുവൈത്ത്, അയർലാന്റ് എന്നീ രാജ്യങ്ങളാണ് ഇതുവരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സ്ഥിതിഗതിയെ കുറിച്ച് ചർച്ച ചെയ്യാൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു. 40 ശതമാനം മുതൽ 70 ശതമാനം വരെ രോഗവ്യാപന ശേഷി പുതിയ വകഭേദത്തിന് കൂടുതലാണെന്ന് ബ്രിട്ടീഷ് പ്രതിരോധശേഷി മുൻ പ്രസിഡന്റ് പ്രൊഫ. പീറ്റർ ഓപെൻഷോ പറയുന്നു. എന്നാൽ പുതിയ വൈറസ് വകഭേദം മരണകാരണമാകുമെന്ന് തെളിഞ്ഞിട്ടില്ലെന്നാണ് ചില ഗവേഷകർ പറയുന്നത്.
എന്നാൽ രോഗ പ്രതിരോധ കുത്തിവയ്‌പ്പിനെ പുതിയ വൈറസ് വകഭേദം പ്രതികൂലമായി ബാധിക്കും എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയിലും വ്യതിയാനം സംഭവിച്ച മഹാമാരിയുടെ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.
സ്പുട്നിക് ഫലദപ്രമെന്ന്
ജനിതക മാറ്റം വന്ന വൈറസിനെതിരെ സ്പുട്നിക് വളരെ ഫലപ്രദമാണെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ഡിമിട്രീവ്.വൈറസിന്റെ മറ്റ് പല വകഭേദങ്ങൾക്കും സ്പുട്നിക് ഫലപ്രദമാണെന്ന് ഡിമിട്രീവ് അവകാശപ്പെട്ടു. വൈറസിന്റെ എസ് - പ്രോട്ടീനുകളിൽ ( S - protein ) നേരത്തെ ജനികമാറ്റം സംഭവിച്ചിട്ടും സ്പുട്നിക് അതിന്റെ ഫലപ്രാപ്തി ആവർത്തിച്ചിരുന്നതായും ഡിമിട്രീവ് ചൂണ്ടിക്കാട്ടി.