
എയ്ബറിനെ 3-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത്
മാഡ്രിഡ് : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എയ്ബറിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗ ഫുട്ബാൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തകർപ്പൻ ഫോമിൽ തുടരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയുടെ പ്രകടനമാണ് മികച്ച വിജയം നേടാൻ റയലിന് തുണയായത്.ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബെൻസമയുടെ ഒരു ശ്രമം റഫറി ഓഫ് സൈഡ് വിളിക്കുകയും ചെയ്തു.
എയ്ബറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിട്ടിലാണ് ബെൻസേമ വലകുലുക്കിയത്. 13-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ചിന്റെ ഗോളിന് വഴിയൊരുക്കിയതും ബെൻസേമയായിരുന്നു. 28-ാം മിനിട്ടിൽ കിക്കെ ഒരു ഗോൾ തിരിച്ചടിച്ചു. ബെൻസേമയുടെ ശ്രമം ഓഫ്സൈഡിൽ കലാശിച്ചതിന് പിന്നാലെയായിരുന്നു കിക്കെയുടെ ഗോൾ. കളി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഇൻജുറി ടൈമിലാണ് ലൂക്കാസ് വസ്ക്കേസ് റയലിന്റെ മൂന്നാം ഗോൾ നേടിയത്.
ഈ വിജയത്തോടെ റയലിന് 14 മത്സരങ്ങളിൽ നിന്ന് 29 പോയിന്റായി. 12 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വാരം റയൽ അത്‌ലറ്റിക്കോയെ മാഡ്രിഡ് ഡർബിയിൽ തോൽപ്പിച്ചിരുന്നു.15 കളികളിൽ നിന്ന് 26 പോയിന്റുമായി റയൽ സോസിഡാഡ് മൂന്നാം സ്ഥാനത്തായി. 14മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള വിയ്യാറയലാണ് നാലാം സ്ഥാനത്ത്. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ 13 മത്സരങ്ങളിൽ നിന്ന് 21പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
5
ഈ മാസം റയൽ മാഡ്രിഡ് നേടുന്ന തുടർച്ചയായ അഞ്ചാം വിജയമാണിത്.ഡിസംബർ ഒന്നാം തീയതി ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡോണെസ്കിനോട് തോറ്റാണ് തുടങ്ങിയത്.പിന്നീട് ലാ ലിഗയിൽ സെവിയ്യ, അത്‌ലറ്റിക്കോ മാഡ്രിഡ്,അത്‌ലറ്റിക്ക് ക്ളബ് എന്നിവർക്കെതിരെയും ചാമ്പ്യൻസ് ലീഗിൽ ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെതിരെയും വിജയിച്ചു.