kilauea-

ലോസ്ആഞ്ചലസ് : ഹവായിയിലെ ബിഗ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കിലാവേയ ( Kilauea ) അഗ്നിപർവതം പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയോടെയാണ് പൊട്ടിത്തെറി ആരംഭിച്ചത്. അഗ്നിപർവത സ്ഫോടനം ആരംഭിച്ചതിന് പിന്നാലെ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സമീപ പ്രദേശത്തുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

സ്ഫോടനഫലമായി ആകാശത്തേക്ക് പൊങ്ങിയ ചാരം വൻ തോതിൽ താഴേക്ക് പതിക്കാനിടെയുള്ളതായി മുന്നറിയിപ്പുണ്ട്. അഗ്നിപർവതത്തിൽ നിന്നും 30,000 അടി ഉയരത്തിൽ വരെ ചാരം ഉയർന്നു പൊങ്ങി. സമീപ പ്രദേശങ്ങളിലുള്ളവർ പുറത്തിറങ്ങരുതെന്ന് നിർദ്ദേശമുണ്ട്. ഹവായി വോൽക്കേനോസ് നാഷണൽ പാർക്കിലാണ് കിലാവേയ സ്ഥിതി ചെയ്യുന്നത്.

2018ലാണ് കിലാവേയ അവസാനമായി പൊട്ടിത്തെറിച്ചത്. അന്ന് 700 ഓളം വീടുകൾ നശിച്ചിരുന്നു. 320,000 ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂളുകൾ നിറയ്ക്കാനുതകുന്നത്ര ലാവയാണ് അഗ്നിപർവതത്തിൽ നിന്നും അന്ന് പുറത്ത് വന്നത്.