
വിവിധ നഗരങ്ങളില്‍ വീടുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖ് ഖാന്‍. ഇതില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും ബംഗ്ലാവുകളും ഒക്കെ ഉള്‍പ്പെടുന്നു. മുംബയിലെ മന്നത് അപ്പാര്‍ട്ട്‌മെന്റാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇന്ത്യയില്‍ മാത്രമല്ല വിവിധ രാജ്യങ്ങളില്‍ ഷാരൂഖ് ഖാന് നിക്ഷേപമുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടെയാണ് ഇദ്ദേഹം.
ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതി ടൂറിസ്റ്റുകള്‍ക്കും മറ്റുമായി വിട്ടുകൊടുത്തിട്ടുണ്ട്. ദുബായിലും ലണ്ടനിലും ഒക്കെയുണ്ട് ആഡംബര വസതികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടെയായ കിംഗ് ഖാന്റെ ലക്ഷ്വറി വീടുകള്‍.

മുംബയിലെ രാജകീയ വസതി മന്നത്
ഇന്ത്യയിലെ വാണിജ്യ തലസ്ഥാനമായ മുംബയ് ശതകോടീശ്വരന്‍മാരുടെയും സെലിബ്രിറ്റികളുടെയും ഒക്കെ കേന്ദ്രം കൂടെയാണ്. കിംഗ് ഖാന്റെ ലക്ഷ്വറി വീട് മന്നത് മുംബയിലാണ്. കിംഗ് ഖാന്‍ എന്ന വിളിപ്പേരുള്ള ഷാരൂഖാന്റെ ജീവിതവും രാജകീയമായി തന്നെയാണ്. കരിയറിന്റെ തുടക്കത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടിട്ടുള്ള താരം കഠിനാധ്വാനവും പാഷനും മൂലം സ്വപ്ന നേട്ടങ്ങള്‍ എല്ലാം കൈവരിച്ചു. രാജകീയ വസതിയ്ക്ക് മാത്രം 200 കോടി രൂപയോളം ചെലവ് വന്നിട്ടുണ്ടെന്നാണ് സൂചന. മുംബയിലെ ബാന്ദ്രയിലാണ് ഈ സ്വപ്ന വീട്.
കടലിന് അഭിമുഖമായി ഇരിക്കുന്ന ഈ ബംഗ്ലാവില്‍ 5 ബെഡ്‌റൂമുകളാണുള്ളത്, വലിയ ആധുനിക ലൈബ്രറി, എല്ലാ അത്യാധുനിക ഉപകരണങ്ങളുമുള്ള ജിം, പൂള്‍, സിനിമാ തിയറ്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ മണിമാളികയിലുണ്ട്. 10 വര്‍ഷത്തോളം വേണ്ടി വന്നു ഈ ബംഗ്ലാവിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍. ഷാരൂഖാന്റെ ഭാര്യ ഗൗരി ഖാന്റെ ഡിസൈനില്‍ പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകള്‍ സമന്വയിപ്പിച്ചാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ദുബായിലെ മനുഷ്യ നിര്‍മിത ദ്വീപിലെ കൊട്ടാരം
ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടെയായ ഷാരൂഖ് ഖാന് ദുബായില്‍ വസതിയുണ്ട്. ജന്നത് എന്ന പേരിലാണ് ഈ ആഡംബര വീട്. മറ്റ് സെലിബ്രിറ്റികള്‍ക്കുമുണ്ട് ദുബായില്‍ വീട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദ്വീപുകളില്‍ ഒന്നിലാണ് ഈ വീട്. ഏകദേശം 18 കോടി രൂപയോളമാണ് ഈ കൊട്ടാരത്തിന്റെ വില. 8500 സ്‌ക്വയര്‍ ഫീറ്റിലാണ് ആഡംബര സൗധം. റിമോട്ട് കണ്‍ട്രോള്‍ ഗാരേജുകളും സ്വകാര്യ പൂളുകളും ആഴക്കടലില്‍ ഫിഷിംഗിനായുള്ള സൗകര്യവുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ ഹോളീഡേ റിസോര്‍ട്ട്
ഷാരൂഖ് ഖാനും ഭാര്യ ഗൗരീ ഖാനും ചേര്‍ന്ന് വാങ്ങിയ ഡല്‍ഹിയിലെ പ്രോപ്പര്‍ട്ടി ഇരുവരുടെയും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇരുവരും കുട്ടിക്കാലം ചെലവഴിച്ച നഗരത്തില്‍ വച്ചു തന്നെയാണ് ഇവര്‍ കണ്ടുമുട്ടിയതും പ്രണയത്തില്‍ ആയതുമൊക്കെ. ഇവിടെ ഇവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം മനോഹരമായി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ചത് ഗൗരീ ഖാന്‍ തന്നെയാണ്. ഷാരൂഖ് ഖാന്റെ ആദ്യ മേക്കപ്പ് കിറ്റ്, ആര്യന്‍ ഖാന്റെ കുട്ടിക്കാലത്തെ ബാഡ്മിന്റന്‍ റാക്കറ്റ് എന്നിവയെല്ലാം ഈ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.