
വാഷിംഗ്ടൺ: മകന്റെ അശ്ലീല വീഡിയോ ശേഖരം നശിപ്പിച്ച രക്ഷിതാക്കൾക്ക് ലഭിച്ചത് അമേരിക്കൻ കോടതി വക 55 ലക്ഷം (75,000 ഡോളർ) രൂപയുടെ പിഴ. യു.എസിലെ മിഷിഗണിൽ ഡേവിഡ് വെർക്കിങ് എന്ന 42കാരൻ സൂക്ഷിച്ച വിഡിയോകൾ നശിപ്പിച്ച രക്ഷിതാക്കൾക്കെതിരെ മകൻ കേസ് കൊടുക്കുകയായിരുന്നു.
2016ൽ വിവാഹ മോചനം നേടിയ ഡേവിഡ് പിന്നീട് മിഷിഗൺ തടാകക്കരയിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് കുറച്ചുകാലം ഇന്ത്യാനയിൽ താമസിച്ച് തിരിച്ചുവന്നപ്പോഴാണ് താൻ 12 പെട്ടികളിലായി സൂക്ഷിച്ച അശ്ലീല വിഡിയോ ശേഖരം മാതാപിതാക്കൾ നശിപ്പിച്ചതായി കണ്ടത്.
എന്നാൽ മകന്റെ നന്മ കരുതിയാണ് ഇവ നശിപ്പിച്ചതെന്നും കാണിച്ച് പിതാവ് ഡേവിഡിന് മെയിൽ അയക്കുകയും ചെയ്തിരുന്നു. കുറ്റകരമായതും കൈവശം വെക്കാൻ പാടില്ലാത്തതുമായ ദൃശ്യങ്ങളും കൂട്ടത്തിലുണ്ടായിരുന്നെന്ന് പിതാവ് പറയുന്നു.
എന്നാൽ, പിതാവിന്റെ വാദം നിഷേധിച്ച ഡേവിഡ് ഇരുവർക്കെതിരെയും കേസ് കൊടുക്കുകയായിരുന്നു. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉടമസ്ഥാവകാശം ഡേവിഡിനാണുള്ളത്.
ഒരാളുടെ വസ്തുക്കൾക്ക് മറ്റൊരാൾക്ക് അവകാശത്തോടെ കൈകാര്യം ചെയ്യാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുകൂട്ടർക്കും വിശദമായ വാദങ്ങൾ എഴുതി സമർപ്പിക്കാനായി കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.