manchester-united

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 6-2ന് ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചു

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ടോട്ടൻഹാമിനെ കീഴടക്കി ലെസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത്

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ അരഡസൻ ഗോളുകളടിച്ച് ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇരട്ട ഗോളുകൾ നേടിയ മക് ടോമിനേയിയും ബ്രൂണോ ഫെർണാണ്ടസുമാണ് മാഞ്ചസ്റ്ററിന്റെ സീസണിലെ ഏറ്റവും മികച്ച വിജയത്തിന് വഴിമരുന്നിട്ടത്. വിക്ടർ ലിൻഡെലോഫും മാനിയേൽ ജെയിംസും ഓരോഗോൾ നേടി.

കളി തുടങ്ങി മൂന്ന് മിനിട്ടിനകം ഇരട്ടഗോൾ തികച്ച മക് ടോമിനേയി പ്രിമിയർ ലീഗ് റെക്കാഡും കുറിച്ചു. 66-ാം സെക്കൻഡിലായിരുന്നു മക് ടോമിനേയിയുടെ ആദ്യ ഗോൾ.104-ാം സെക്കൻഡിൽ രണ്ടാം ഗോളും പിറന്നു. പ്രിമിയർ ലീഗിൽ ഇത്രവേഗത്തിലാരും ഇതിന് മുമ്പ് ഡബിൾ തികച്ചിട്ടില്ല. 20-ാം മിനിട്ടിൽ ബ്രൂണോയും 37-ാം മിനിട്ടിൽ ലിൻഡെലോഫുംസ്കോർ ചെയ്തു. 42-ാം മിനിട്ടിൽ കൂപ്പറാണ് ലീഡ്സിന്റെ ആദ്യ ഗോൾ നേടിയത്. 66-ാം മിനിട്ടിൽ ജെയിംസ് ചെമ്പടയുടെ ലീഡുയർത്തി.70-ാം മിനിട്ടിലെ പെനാൽറ്റിയിലൂടെ ബ്രൂണോ ആതിഥേയരുടെ പട്ടിക പൂർത്തിയാക്കി. 73-ാം മിനിട്ടിൽ ലീഡ്സിന്റെ ഡള്ളാസ് സ്കോർ ചെയ്തു.

13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ 2-0ത്തിന് തോൽപ്പിച്ച ലെസ്റ്റർ സിറ്റി 14 കളികളിൽ നിന്ന് 27 പോയിന്റുമായാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ആദ്യ പകുതിയിൽ ജെറമി വാർഡിയുടെ പെനാൽറ്റി ഗോളിന് മുന്നിലെത്തിയിരുന്ന ലെസ്റ്ററിന് രണ്ടാം പകുതിയിൽ ആൻഡർവെയിൽഡിന്റെ സെൽഫ് ഗോൾ തുണയാവുകയായിരുന്നു.14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.