
 കേരളത്തിലും മികച്ച വളർച്ചാപ്രതീക്ഷ
കൊച്ചി: ദശാബ്‌ദത്തിലെ ഏറ്റവും മോശം സ്ഥിതിയിൽ നിന്ന് മൺസൂണിന്റെ കൈപിടിച്ച് മികച്ച നിലയിലേക്ക് കാപ്പി ഉത്പാദനത്തിന്റെ കരകയറ്റം. 2019-20 സീസണിൽ 2.98 ലക്ഷം ടണ്ണിലേക്ക് ഉത്‌പാദനം ഇടിഞ്ഞിരുന്നു. എന്നാൽ, നടപ്പുവർഷം ഉത്‌പാദനം 15 ശതമാനം മെച്ചപ്പെട്ട് 3.42 ലക്ഷം ടണ്ണിലേക്ക് കുതിക്കുമെന്ന് കോഫീ ബോർഡ് കണക്കാക്കുന്നു.
കാപ്പി ഉത്‌പാദനത്തിൽ ഇന്ത്യയിൽ മുഖ്യ പങ്കുവഹിക്കുന്ന കർണാടകയിൽ വളർച്ചാപ്രതീക്ഷ 19 ശതമാനമാണ്. അറാബിക്ക ഇനം 23 ശതമാനവും റോബസ്‌റ്റ 17 ശതമാനവും ഉത്‌പാദനവളർച്ച കുറിക്കുമെന്ന് വിലയിരുത്തുന്നു. കേരളത്തിൽ അറാബിക്ക ഇനം 1,800 ടണ്ണിൽ നിന്ന് 1,900 ടണ്ണിലേക്കും റോബസ്‌റ്റ 64,125 ടണ്ണിൽ നിന്ന് 67,900 ടണ്ണിലേക്കും മെച്ചപ്പെടുമെന്ന് കണക്കാക്കുന്നു. കേരളത്തിലെ മൊത്തം ഉത്‌പാദനം കണക്കാക്കുന്നത് 69,800 ടണ്ണാണ്. കഴിഞ്ഞവർഷത്തെ സീസണിലെ 65,925 ടണ്ണിനേക്കാൾ ആറു ശതമാനം അധികം.
കാപ്പി ഉത്‌പാദനത്തിൽ കർണാടകയും കേരളവും കഴിഞ്ഞാൽ മൂന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഉത്‌പാദനം അഞ്ചു ശതമാനം ഉയർന്നേക്കും. ആന്ധ്രാപ്രദേശിൽ പ്രതീക്ഷിക്കുന്നത് നേരിയ വളർച്ചയാണ്. അതേസമയം ഒഡീഷ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഉത്പാദനം കുറയും.
ഉണർവിന്റെ സീസൺ
2019-20ലെ സീസണിൽ കാപ്പി ഉത്‌പാദനം ദശാബ്ദത്തിലെ ഏറ്റവും താഴ്‌ചയായ 2.98 ലക്ഷം ടണ്ണാണ്. മോശം കാലാവസ്ഥയും കീടങ്ങളുടെ ആക്രമണവുമാണ് തിരിച്ചടിയായത്. നടപ്പുവർഷം ഉത്‌പാദനം 3.42 ലക്ഷം ടണ്ണാകുമെന്ന് കരുതുന്നു.